03:17am 30 April 2026
NEWS
എയ്റോ ഇന്ത്യ 2025 ഏഷ്യയിലെ ഏറ്റവും വലിയ എയർഷോ നാളെ മുതൽ ബെംഗളൂരുവിൽ
09/02/2025  06:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എയ്റോ ഇന്ത്യ 2025 ഏഷ്യയിലെ ഏറ്റവും വലിയ എയർഷോ നാളെ മുതൽ  ബെംഗളൂരുവിൽ

യെലഹങ്ക (ബെംഗ്ളൂരു): ഏഷ്യയിലെ ഏറ്റവും വലിയ എയർഷോയ്ക്ക് ബെംഗളൂരു നഗരം നാളെ മുതൽ സാക്ഷ്യം വഹിക്കും. യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ തിങ്കളാഴ്ച തുടക്കമാകുന്ന എയ്റോ ഇന്ത്യ 2025 ൽ ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ഫ്രാൻസ് ഉൾപ്പെടെ പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ കമ്പനികളും വിദഗ്ധരും പങ്കെടുക്കും. അഞ്ചു ദിവസം നീളുന്ന എയർഷോ റിപ്പോർട്ട് ചെയ്യാൻ  പ്രതിരോധ വകുപ്പിൻ്റെ ക്ഷണപ്രകാരം കേരളശബ്ദം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി യെലഹങ്കയിൽ എത്തിയിട്ടുണ്ട്.

യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലെ ഇന്ത്യ പവലിയനിൽ രാവിലെ 9.30നാണ് ഉദ്ഘാടനച്ചടങ്ങുകൾ. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അണിനിരക്കുന്ന ഫ്ലൈയിങ്ങ് സിസ്പ്ലേ, ഉച്ചയ്ക്ക് രണ്ട് മുതൽ സെമിനാറുകൾ. മൂന്ന് മുതൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാർ (സിഇഒ ) പങ്കെടുക്കുന്ന വട്ടമേശ സമ്മേളനം എന്നിവയുണ്ടായിരിക്കും.രാവിലെ 9.30ന് നടക്കുന്ന ഫ്ലൈപാസ്റ്റ് ഡിസ്പ്ലേയിൽ ഇന്ത്യയുടെ പോർവിമാനങ്ങളായ ആകാശ്, ധ്വജ്, തേജസ്, ത്രിശൂൽ, അർജുൻ, ശക്തി ഉൾപ്പെടെ 13 എയർക്രാഫ്റ്റുകൾ പങ്കെടുക്കും.10.20ന് തുടങ്ങുന്ന ഏരിയൽ ഡിസ്പ്ലേയിൽ ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റുകളും (എൽസിഎ), ഹെലികോപ്റ്ററുകളും ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്താൻ പരിശീലനം നേടിയ വ്യോമസേനയുടെ സൂര്യകിരൺ എയ്റോബാട്ടിക്ക് ടീമും അണിനിരക്കും.14 വരെ നീളുന്ന എയ്റോ ഇന്ത്യ പ്രദർശനത്തിന് വിപുലമായ ഒരുക്കങ്ങളാണ് ബെംഗളൂരുവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രതിരോധ പ്രദർശന സംഘടന, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, പ്രതിരോധ ഗവേഷണ വികസന സംഘടന, ബഹിരാകാശ വകുപ്പ്, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രണ്ട് വർഷത്തിൽ ഒരിക്കലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ നിർമ്മാതാക്കളുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രദർശനത്തിൻ്റെ ഭാഗമാണ്. ലോകമെമ്പാടു നിന്നുമുള്ള വ്യവസായ പ്രമുഖരും രാജ്യാന്തര പ്രതിരോധ, വ്യോമയാന വിദഗ്ധരും പങ്കെടുക്കും.ആകാശ പ്രദർശനങ്ങൾക്ക് പുറമെ, നിരവധി നൂതന ബഹിരാകാശ, പ്രതിരോധ സാങ്കേതിക വിദ്യകൾ പ്രദർശനത്തിൻ്റെ ഭാഗമാണ്.ഇന്ത്യയുടെ പ്രതിരോധശേഷി വിളിച്ചോതുന്ന ഇന്ത്യ പവലിയൻ പ്രദർശനത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. 2023ലെ എയ്റോ ഇന്ത്യ പ്രദർശനത്തിലാണ് ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത എൽ സി എ തേജസ് എയർക്രാഫ്റ്റ് ആദ്യമായി പ്രദർശിപ്പിച്ചത്. 14 വരെ പ്രതിരോധ ഏവിയേഷൻ, ബഹിരാകാശ രംഗത്തെ പ്രമുഖരായ നിർമ്മാതാക്കൾ, വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന ചർച്ചകളുണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img