കോട്ടയം : ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് മലങ്കരസഭയുടെ പള്ളികളിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയതായി അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു. പീഢാനുഭവവാരത്തിൽ പ്രശ്നബാധിത മേഖലകളിലെ പള്ളികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലങ്കരസഭയുടെ പിറവം പള്ളിയിലുൾപ്പെടെ നിയമവിരുദ്ധമായി സംഘടിച്ചെത്തി സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതടക്കമുള്ള കാര്യങ്ങൾ ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. ക്രൈസ്തവസമൂഹം പ്രാർത്ഥനയോടെ കഴിയുന്ന നോമ്പുകാലത്ത് പാത്രിയർക്കീസ് പക്ഷം ആസൂത്രിതമായി ക്രമസമാധാന പ്രശ്നമുണ്ടാക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിന്നു. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നിർദേശപ്രകാരമാണ് അസോസിയേഷൻ സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിയെ നേരിൽ കണ്ട് പരാതി നൽകിയത്. തിരുവനന്തപുരം ഭദ്രാസന സെക്രട്ടറി ഫാ. ഡോ.ഗീവർഗീസ് കണിയാന്ത്രയും ഒപ്പമുണ്ടായിരുന്നു.











