09:19pm 06 May 2026
NEWS
ചെങ്ങന്നൂർ മണ്ഡലത്തിൽ അവിശുദ്ധ കൂട്ടുകെട്ടിലൂടെ ജനവിധി അട്ടിമറിക്കപ്പെട്ടെന്ന് അഡ്വ. എബി കുര്യാക്കോസ്
06/05/2026  07:49 PM IST
nila
 ചെങ്ങന്നൂർ മണ്ഡലത്തിൽ അവിശുദ്ധ കൂട്ടുകെട്ടിലൂടെ ജനവിധി അട്ടിമറിക്കപ്പെട്ടെന്ന് അഡ്വ. എബി കുര്യാക്കോസ്

ചെങ്ങന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ അവിശുദ്ധ കൂട്ടുകെട്ടിലൂടെ ജനവിധി അട്ടിമറിക്കപ്പെട്ടതായി
ചെങ്ങന്നൂരിലെ  യുഡിഎഫ് സ്ഥാനാർഥി അഡ്വ. എബി കുര്യാക്കോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തിയ വോട്ട് കച്ചവടമാണ് സജി ചെറിയാന്റെ വിജയത്തിന് ആധാരമെന്നും ഇത്തരം ഡീലുകൾ കേരളത്തിലുടനീളം നടന്നതിൻ്റെ തെളിവാണ് ചരിത്രത്തിലാദ്യമായി ബിജെപിക്ക്  കേരള നീയമസഭയിൽ
മൂന്ന് സീറ്റുകൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരുവൻവണ്ടൂർ, ആലാ, ബുധനൂർ എന്നീ പഞ്ചായത്തുകളിൽ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ സാഹചര്യം ഒരുക്കിയത് സിപിഎം ആണെന്ന് എബി കുര്യാക്കോസ് ചൂണ്ടിക്കാട്ടി. മുതിർന്ന നേതാവ് ജി. സുധാകരൻ കാര്യകാരണ സഹിതം ഉന്നയിച്ച നിലപാടുകൾ ഇപ്പോൾ ശരിവെക്കപ്പെട്ടിരിക്കുകയാണ്. ചെങ്ങന്നൂരിലെ സിപിഎമ്മിന്റെ കരുത്തനായ നേതാവ് സജി ചെറിയാൻ അറിയാതെ മണ്ഡലത്തിലെ ഒരിടത്തും ബിജെപിക്ക് ഭരണസ്വാധീനം ലഭിക്കില്ല. പഞ്ചായത്തുകളിൽ തുടങ്ങിയ ഈ ‘ഡീൽ’ നിയമസഭാ തെരഞ്ഞെടുപ്പിലും തുടർന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
 ബിജെപി വോട്ടുകൾ സജി ചെറിയാന് മറിച്ചു നൽകിയതു കൊണ്ടാണ് യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന വിജയം ഇല്ലാതാക്കിയത്. മണ്ഡലത്തിൽ സിപിഎമ്മും ബിജെപിയും വൻതോതിൽ പണമൊഴുക്കിയതായും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിന് ഇറങ്ങിയപ്പോൾ മണ്ഡലത്തിലെ ചുവരുകളെല്ലാം ഇരുമുന്നണികളുടെയും പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരുന്നുവെന്നും യുഡിഎഫ് സ്ഥാനാർഥി പറഞ്ഞു. 2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്  ഈ തെരഞ്ഞെടുപ്പിൽ 7.83 ശതമാനം വോട്ട് വിഹിതം യുഡിഎഫിന് വർധിച്ചപ്പോൾ; 6 .48 ശതമാനം വോട്ട്  വിഹിതം എൽഡിഎഫിനും 1.01 ശതമാനം വോട്ട് വിഹിതം എൻഡിഎയ്ക്കുo കുറഞ്ഞു.വോട്ടർമാരുടെ എണ്ണത്തിലും പോളിംഗിലും വന്ന  മാറ്റങ്ങൾക്കിടയിലും യുഡിഎഫ് നടത്തിയ ഈ മുന്നേറ്റം ചെങ്ങന്നൂരിന്റെ ഭാവി രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന്  അദ്ദേഹം പറഞ്ഞു.
​കേരളത്തിൽ യുഡിഎഫിൻ്റെ വിജയത്തിൽ വിളറി പൂണ്ട സജി ചെറിയാൻ
​ കോൺഗ്രസിനെ ഉപദേശിക്കാൻ വരുന്നത് അപക്വമാണെന്ന് എബി കുര്യാക്കോസ് പറഞ്ഞു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ നോക്കാൻ പാർട്ടിക്കറിയാം. സജി ചെറിയാന്റെ ഉപദേശം അതിന് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു ഡി എഫ് നേതാക്കളായ അഡ്വ. കെ ആർ സജീവൻ , അഡ്വ ഡി നാഗേഷ് കുമാർ , ജൂണി കുതിരവട്ടം , പി.വി ജോൺ , ജോജി ചെറിയാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img