
നായപ്രേമിയായ യുവതിയുടെ മൃതശരീരം വളർത്തുനായകൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. റൊമാനിയയിലെ ബുക്കാറെസ്റ്റിലാണ് സംഭവം. അഡ്രിയാന നീഗോ എന്ന യുവതിയുടെ മൃതദേഹമാണ് സ്വന്തം വളർത്തുനായകൾ ഭക്ഷണമാക്കിയത്. മുപ്പത്തിനാലുകാരിയായ യുവതിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കൾ താമസസ്ഥലത്തെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കണ്ടത്.
യുവതി താമസിച്ചിരുന്ന ഫ്ലാറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിനെയും ഫയർഫോഴ്സിനെയും വിളിച്ചു. വാതിൽ പൊളിച്ച് അകത്ത് കയറിയ ഇവർ കണ്ടത് അഡ്രിയാനയുടെ ശരീരം നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു. അഴുകിത്തുടങ്ങിയ ശരീരത്തിൽ പകുതിയും അവളുടെ രണ്ട് നായകളും തിന്നിരുന്നു. എങ്ങനെയോ അഡ്രിയാന മരിച്ചുവെന്നും പിന്നാലെ വിശന്നു തുടങ്ങിയപ്പോൾ നായകൾ അവളുടെ ശരീരം തിന്നുകയുമായിരുന്നു എന്നാണ് കരുതുന്നത്.
എന്നാൽ, വീട്ടിൽ യാതൊരു തരത്തിലുള്ള ബലപ്രയോഗങ്ങളും നടന്നതിന് തെളിവില്ല. ഓട്ടോപ്സി റിപ്പോർട്ട് വന്നാൽ മാത്രമാണ് അഡ്രിയാനയുടെ മരണകാരണം എന്തെന്ന് വ്യക്തമായി പറയാൻ കഴിയൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഉടമയെ നഷ്ടപ്പെട്ട് അനാഥരായ രണ്ട് നായകളെയും അവിടെ നിന്നും നായകളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.











