
സ്വർണക്കൊള്ളക്കേസിൽ വിവാദ സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് ബലം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ നടന്ന കൂടിക്കാഴ്ചകളുടെ ചിത്രങ്ങളും, പോറ്റി അടൂർ പ്രകാശിന് സമ്മാനം കൈമാറുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രങ്ങളിൽ പോറ്റിയുടെ അടുത്ത സുഹൃത്തായ രമേഷ് റാവുവിനെയും അടൂർ പ്രകാശിനൊപ്പം കാണാം. ഇതിലൂടെ ഇരുവരും ഔപചാരിക പരിചയത്തിനപ്പുറം സ്ഥിരം ബന്ധം പുലർത്തിയിരുന്നുവെന്ന സംശയം ശക്തമാകുന്നു.
പോറ്റിയുമായുള്ള ബന്ധം സ്വന്തം മണ്ഡലത്തിലെ ഒരാളുമായുള്ള പരിചയമാത്രമാണെന്നായിരുന്നു അടൂർ പ്രകാശ് ഇതുവരെ വ്യക്തമാക്കിയിരുന്നത്. എന്നാൽ പുതിയ ചിത്രങ്ങൾ ഈ വാദത്തെ ചോദ്യം ചെയ്യുന്നതാണ്.പോറ്റിയുടെ പുളിമാത്തെ തറവാട്ട് വീട്ടിൽ അടൂർ പ്രകാശ് നേരത്തെ എത്തിയിരുന്നതായി അയൽവാസിയായ വിക്രമൻ നായർ വെളിപ്പെടുത്തിയിരുന്നു. കൂടാതെ, പോറ്റിയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും അടൂർ പ്രകാശ് പങ്കെടുത്തിരുന്നു. സോണിയ ഗാന്ധിയെ കാണാൻ പോറ്റി ഡൽഹിയിലെത്തിയപ്പോഴും അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഒരു സന്ദർഭത്തിൽ അടൂർ പ്രകാശും മറ്റൊരിക്കൽ ആന്റോ ആൻറണിയുമാണ് പോറ്റിക്കൊപ്പമുണ്ടായിരുന്നത്.
മണ്ഡലത്തിലെ വോട്ടറായതിനാൽ പോറ്റിയെ കൂടെ കൂട്ടിയെന്നതായിരുന്നു അന്ന് മാധ്യമങ്ങളോട് അടൂർ പ്രകാശ് നൽകിയ വിശദീകരണം. സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെയാണ് പരിചയമുണ്ടായതെന്നും, മറ്റു വ്യക്തിപരമായ ബന്ധങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, സോണിയ ഗാന്ധിയെ കാണാനുള്ള അപ്പോയിന്റ്മെന്റ് പൊതുവിൽ അപൂർവമാണെന്ന സാഹചര്യത്തിൽ, പോറ്റിക്ക് രണ്ടുതവണ അപ്പോയിന്റ്മെന്റ് ലഭിച്ചതെങ്ങനെയെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന അന്വേഷണ വിഷയം. ഈ പശ്ചാത്തലത്തിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിക്കുമോ എന്നതടക്കമുള്ള ചോദ്യങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുകയാണ്.











