
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ അതൃപ്തി പരസ്യമാക്കി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് വീണ്ടും രംഗത്ത്. മുന്നണിയിൽ യോഗം ചേരാത്തതിലും നിർണായക തീരുമാനങ്ങൾ സംബന്ധിച്ച് കൺവീനർ എന്ന നിലയിൽ തനിക്ക് വിവരങ്ങൾ ലഭിക്കാത്തതിലുമുള്ള നീരസമാണ് അദ്ദേഹം വീണ്ടും പ്രകടിപ്പിച്ചത്.
യു.ഡി.എഫ് യോഗം വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് ചെയർമാനോടാണ് ചോദിക്കേണ്ടതെന്ന് അടൂർ പ്രകാശ് പറഞ്ഞു. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം നിലനിൽക്കുന്നുണ്ടെന്നതിന് തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മന്ത്രിമാർക്കിടയിൽ അതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് അവരോടുതന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. ചില കാര്യങ്ങളിൽ താൻ നേരത്തെ തന്നെ അഭിപ്രായം തുറന്നുപറഞ്ഞിട്ടുണ്ടെന്നും അതിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ അറിവില്ലാതെ മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നുവെന്ന വിമർശനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, കാര്യങ്ങൾ പുറത്തുവരട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുന്നണിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ താൻ അറിയുന്നില്ലെന്ന പരാതി നേരത്തെയും അടൂർ പ്രകാശ് ഉന്നയിച്ചിരുന്നു. ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയിട്ടും തുടർചർച്ചകളോ പരിഹാരനടപടികളോ ഉണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ അതൃപ്തിക്ക് പിന്നിൽ.
വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും മുന്നണി യോഗം വിളിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണെന്നും അടൂർ പ്രകാശിനോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ യു.ഡി.എഫിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ വീണ്ടും പരസ്യമായിരിക്കുകയാണ്.










