
തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിനെതിരെ തുറന്ന അതൃപ്തി പ്രകടിപ്പിച്ച് മുന്നണി കൺവീനറും എംപിയുമായ അടൂർ പ്രകാശ്. മുന്നണിയിൽ പല കാര്യങ്ങളും ചർച്ച ചെയ്യാതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും യുഡിഎഫ് യോഗം ചേർന്നിട്ട് ഏറെ നാളായെന്നും അദ്ദേഹം വിമർശിച്ചു.
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില മേഖലകളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വലിയ തിരിച്ചടിയില്ലാതെ യുഡിഎഫ് 18 സീറ്റുകൾ നേടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ ഏകോപനക്കുറവ് ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് യോഗം വിളിച്ചുചേർക്കേണ്ട സാഹചര്യമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ആവശ്യമായ തീരുമാനമുണ്ടാകാത്തതിനാലാണ് യോഗം ചേരാൻ കഴിയാത്തതെന്ന് അടൂർ പ്രകാശ് ആരോപിച്ചു. നിരവധി വിഷയങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. മുന്നണിയിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെ അറിയിക്കുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ചുമതലയാണ്. എന്നാൽ ചെയർമാന്റെ അനുമതിയോടെയാണ് അത് ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി പറയേണ്ട സാഹചര്യമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അർഹതപ്പെട്ടവർക്ക് അർഹമായ സ്ഥാനങ്ങൾ ലഭിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ അവഗണിക്കുന്നുണ്ടോ എന്ന കാര്യം മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു. മുനീറിന് ലഭിച്ച പദവി അർഹതപ്പെട്ടതാണെന്നും, അർഹതയില്ലാത്ത ഒരാൾക്കാണ് പദവി നൽകിയതെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും കൃത്യമായി മറുപടി നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അതിൽ ഖേദമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. ചർച്ചയോ ആലോചനയോ ഇല്ലാതെ പല തീരുമാനങ്ങളും ഉണ്ടാകുന്നുവെന്നതാണ് തന്റെ അതൃപ്തിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാബിനറ്റ് പദവി ലഭിച്ചവർ അർഹതയുള്ളവരാണെന്ന് സമ്മതിച്ച അടൂർ പ്രകാശ്, എന്നാൽ മുന്നണി കൺവീനർ എന്ന നിലയിൽ ഇതുസംബന്ധിച്ച് യാതൊരു ചർച്ചയും തന്നോട് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. തന്നെ വിവരമറിയിച്ചില്ലെന്നത് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനല്ല പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കൺവീനർ എന്ന നിലയിൽ മുന്നണിയിലെ സുപ്രധാന കാര്യങ്ങൾ അറിയാത്തതിലുള്ള അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. എഐസിസിയാണ് തന്നെ കൺവീനർ സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.










