10:06pm 01 November 2026
NEWS
അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയും സംഘവും ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്
31/10/2026  11:53 AM IST
nila
അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയും സംഘവും ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമസംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജൂലൈയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീനാദേവി കുഞ്ഞമ്മയെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. പൊലീസ് വാഹനത്തിലെത്തിച്ച രാജൻ ജോസഫിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും പിന്നീട് ഒരു സംഘം സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറുന്നതും ദൃശ്യങ്ങളിലുണ്ട്.

ശ്രീനാദേവി കുഞ്ഞമ്മയ്ക്കൊപ്പം കോൺഗ്രസ് നേതാവ് ഫെന്നി നൈനാനും മറ്റ് പ്രവർത്തകരും സംഭവസ്ഥലത്തുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. സ്റ്റേഷനുള്ളിലെ സെല്ലിന് സമീപം വെച്ച് രാജൻ ജോസഫുമായി സംഘം വാക്കുതർക്കത്തിലേർപ്പെടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവദിവസം തന്നെ പൊലീസ് കേസെടുത്തിരുന്നെങ്കിലും കണ്ടാൽ തിരിച്ചറിയാവുന്ന 20 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെന്നി നൈനാന്റെയും പേരുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിരുന്നില്ല. സംഭവത്തിൽ ഇവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേസ് വീണ്ടും ചർച്ചയായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img