07:37pm 10 November 2026
NEWS
പട്ടികജാതിക്കാരായ സിനിമാ സംവിധായകർക്കെതിരെ അധിക്ഷേപ പരാമർശവുമായി അടൂർ ഗോപാലകൃഷ്ണൻ
03/08/2025  07:34 PM IST
nila
പട്ടികജാതിക്കാരായ സിനിമാ സംവിധായകർക്കെതിരെ അധിക്ഷേപ പരാമർശവുമായി അടൂർ ഗോപാലകൃഷ്ണൻ

പട്ടികജാതിക്കാരായ സിനിമാ സംവിധായകർക്കെതിരെ അധിക്ഷേപ പരാമർശവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്കായി വെറുതെ പണം മുടക്കരുതെന്നും ആദ്യം പരിശീലനമാണ് നൽകേണ്ടതെന്നുമായിരുന്നു അടൂരിന്റെ പരാമർശം. സംസ്ഥാന സർക്കാരിന്റെ സിനിമാ കോൺക്ലേവിന്റെ സമാപന വേദിയിലാണ് അടൂർ വിവാദ പ്രസം​ഗം നടത്തിയത്. 

പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടതെന്ന് അടൂർ പറഞ്ഞു. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂർ പറഞ്ഞു. പിന്നാലെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവർത്തക പ്രതിഷേധമുയർത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉൾപ്പെടെ ചൂണ്ടിക്കൊണ്ടാണ് അവർ അടൂരിന് മറുപടി പറയാൻ ശ്രമിച്ചത്. എന്നാൽ ഇത് വകവെക്കാതെ അടൂർ ഗോപാലകൃഷ്ണൻ പ്രസംഗം തുടരുകയായിരുന്നു.

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമരത്തിനെതിരെയും അടൂർ തുറന്നടിച്ചു. നടന്നത് മോശം സമരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടത്തിയത്. ആ സ്ഥാപനത്തെ ഇപ്പോൾ ഒന്നുമല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കാൻ പാടില്ല. ടെലിവിഷൻ നശിച്ച അവസ്ഥയിലാണ്. ഒരു നല്ല പരിപാടി പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img