
കൊച്ചി: നാവികസേനാ മേധാവിയായി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ചുമതലയേറ്റപ്പോൾ ദക്ഷിണ നാവികസേനയ്ക്കും അഭിമാന മുഹൂർത്തം. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം കൊച്ചിയിൽ ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് ചീഫ് സ്റ്റാഫ് ഓഫീസറായി ( ട്രെയിനിംഗ്) സേവനം അനുഷ്ടിച്ചിട്ടുണ്ട്. റിയർ അഡ്മിറലായി ഉയർത്തപ്പെട്ടപ്പോഴാണ് ദക്ഷിണ നാവിക കമാൻഡിൽ ചുമതലയേറ്റത്. പിന്നീട് ദക്ഷിണ നാവിക സേനയിൽ ഫ്ലാഗ് ഓഫീസർ സീ ട്രെയിനിംഗായി നിയമിതനായി. ഇതിന് ശേഷമാണ് നാവികസേനയുടെ നട്ടെല്ലായ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡറായത്.
നാവികസേനയുടെ 27മത്തെ മേധാവിയായി ഞായറാഴ്‌ച ചുമതലയേറ്റ അദ്ദേഹം 1987 ജൂലൈ ഒന്നിനാണ് നാവികസേനയിൽ കമ്മീഷൻഡ് ഓഫീസറായി ചേരുന്നത്. കമ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർ ഫെയർ സ്പെഷാലിസ്റ്റായ അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ഗൈഡഡ് മിസൈൽ വാഹിനിയായ ഐ.എൻ.എസ് വിദ്യുത്, ഐ.എൻ.എസ് വിനാഷ്, ഐ.എൻ.എസ് കുലിഷ്, ഐ.എൻ.എസ് മൈസൂർ, വിമാനവാഹിനി ഐ.എൻ.എസ് വിക്രമാദിത്യ എന്നിവയുടെ കമാൻഡറായിരുന്നു. സ്തുത്യർഹ സേവനത്തിന് പരം വിശിഷ്ട സേവാമെഡൽ, അതി വിശിഷ്ട സേവാമെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഞായറാഴ്ച നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠിയിൽ നിന്നാണ് അദ്ദേഹം സ്ഥാനമേറ്റത്. തുടർന്ന് ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചു.
Photo Courtesy - Google







