
തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സർക്കാർ നടത്തിയ 76 പഞ്ചായത്ത് സെക്രട്ടറിമാരുടെ കൂട്ട സ്ഥലംമാറ്റത്തിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തടയിട്ടു. 'ഭരണപരമായ സൗകര്യം' എന്ന ന്യായവാദത്തോടെ നടത്തിയ ഈ നടപടി പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
2026 ജനുവരി 29-നാണ് വിവാദത്തിന് ആസ്പദമായ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഇതിനെതിരെ വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു എൽ. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നൽകിയ ഹർജികളിലാണ് (OA No. 143, 144, 145/2026) ട്രിബ്യൂണലിന്റെ ഇടപെടൽ ഉണ്ടായത്. ജുഡീഷ്യൽ അംഗം എം.ആർ. ശ്രീലത, അഡ്മിനിസ്ട്രേറ്റീവ് മെമ്പർ ഡോ. പ്രദീപ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഭരണപരമായ സൗകര്യം എന്ന് പേരിട്ടാണെങ്കിലും, ഫലത്തിൽ ഇതൊരു പൊതു സ്ഥലംമാറ്റം നടത്താനുള്ള നീക്കമാണെന്ന് കോടതി വിലയിരുത്തി. കൃത്യമായ മാനദണ്ഡങ്ങളും മുൻഗണനാ പട്ടികയും പാലിച്ച് നടത്തേണ്ട പൊതു സ്ഥലംമാറ്റ പ്രക്രിയയിൽ ഇത്തരം നടപടികൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. 76 ഉദ്യോഗസ്ഥരെ ഒന്നിച്ച് മാറ്റുന്നത് ഭരണപരമായ സൗകര്യമായി കാണാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, അപേക്ഷകയെ നിലവിലെ സ്റ്റേഷനായ വെള്ളനാട് ഗ്രാമപഞ്ചായത്തിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും നിർദ്ദേശിച്ചു. സർക്കാർ അഭിഭാഷകൻ കേസിൽ നോട്ടീസ് കൈപ്പറ്റിയിട്ടുണ്ട്










