
സംസ്ഥാന സർക്കാർ ദൈനംദിന ചെലവുകൾക്ക് കടമെടുക്കലിനെ അമിതമായി ആശ്രയിക്കുന്നു എന്നും ഇങ്ങനെ വാങ്ങുന്ന പണം വികസന പ്രവർത്തനങ്ങൾക്ക് പകരം ഭരണ ചെലവുകൾക്ക് വിനിയോഗിക്കുന്നു എന്നുമുള്ള സെൻറർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പഠന റിപ്പോർട്ട് ആശങ്ക ഉയർത്തുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു . റിപ്പോർട്ട് പ്രകാരം കടുത്ത റവന്യൂ കമ്മിയാണ് സംസ്ഥാനം നേരിടുന്നത് . റവന്യൂ ചെലവിന്റെ വലിയൊരു ഭാഗം ശമ്പളം, പൊതു കടത്തിന്റെ പലിശ തിരിച്ചടവ് , പെൻഷൻ തുടങ്ങിയ നിർബന്ധിത ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നത് . കെഎസ്ആർടിസിയും ജല അതോറിറ്റിയും നഷ്ടത്തിലാണ് . പൊതു കടം ഭരണ ചെലവ് എന്ന പേരിൽ ധൂർത്തടിക്കുകയാണ് ഇടതു സർക്കാർ . സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി സി ഡി എസ് മുമ്പോട്ട് വിൽക്കുന്ന ശുപാർശകളിൽ ഭൂമിയുടെ ന്യായവില കൃത്യമായ ഇടവേളകളിൽ പരിഷ്കരിച്ച് നികുതി, പൊതു സേവനങ്ങളുടെ യൂസർ ഫീസ് ,സർവ്വകലാശാലകളിലെ ട്യൂഷൻ ഫീസ്, ആശുപത്രികളിലെ രജിസ്ട്രേഷൻ ഫീസ് എന്നിവ വർദ്ധിപ്പിക്കണം എന്നിവയുമുണ്ട് . ഇത് ജനങ്ങളുടെ ജീവിതഭാരം വർദ്ധിപ്പിക്കുന്നതും ജനവിരുദ്ധവുമാണ് . ഭരണകൂടങ്ങൾ ധൂർത്ത് വർദ്ധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത് . അത്തരം സാഹചര്യമുണ്ടായാൽ ശക്തമായ പ്രതിഷേധങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി .
സംസ്ഥാന പ്രസിഡൻറ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡൻറ് പി അബ്ദുൽ ഹമീദ് , ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീഖ് ,റോയ് അറയ്ക്കൽ, കെ കെ അബ്ദുൽ ജബ്ബാർ, പി കെ ഉസ്മാൻ, സെക്രട്ടറിമാരായ അൻസാരി ഏനാത്ത്, ജോൺസൺ കണ്ടച്ചിറ,കൃഷ്ണൻ എരിഞ്ഞിക്കൽ, താഹിർ എം എം, മഞ്ജുഷ മാവിലാടം എന്നിവർ സംസാരിച്ചു.








