07:29pm 27 June 2026
NEWS
ഭരണം സ്തംഭനത്തിൽ: ഒരു മാസം കഴിഞ്ഞിട്ടും മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫില്ല; ഫയലുകൾ ചുവപ്പുനാടയിൽ
27/06/2026  09:28 AM IST
ന്യൂസ് ബ്യൂറോ
ഭരണം സ്തംഭനത്തിൽ: ഒരു മാസം കഴിഞ്ഞിട്ടും മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫില്ല; ഫയലുകൾ ചുവപ്പുനാടയിൽ

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി മാസം ഒന്നു കഴിഞ്ഞിട്ടും ഭൂരിപക്ഷം കോൺഗ്രസ് മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫ് ആയില്ല. ഇത് സംസ്ഥാന ഭരണത്തിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പേഴ്സണൽ സ്റ്റാഫ് ഇല്ലാത്തത് മൂലം സെക്രട്ടേറിയറ്റിലും മന്ത്രിമാരുടെ ഓഫീസുകളിലും ഫയൽ നീക്കം പൂർണ്ണമായും തടസ്സപ്പെടുകയും കത്തുകൾ ചുവപ്പുനാടയിൽ കുടുങ്ങുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.
​സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾ മന്ത്രിമാരുടെ ഓഫീസുകളിൽ ആരെ കാണണം എന്നറിയാതെ കുഴങ്ങുകയാണ്. മന്ത്രിമാരുടെ ഓഫീസുകൾക്ക് മുന്നിൽ ഉത്സവപ്പറമ്പ് പോലെ വലിയ ആൾക്കൂട്ടമാണ് അനുഭവപ്പെടുന്നത്. നിയമസഭ സമ്മേളിക്കുമ്പോൾ നിയമസഭാ മന്ദിരത്തിലെ ഓഫീസുകളിലേക്ക് മന്ത്രിമാർക്ക് പോലും കടക്കാനാവാത്ത വിധം കാര്യങ്ങൾ നിയന്ത്രണാതീതമായിരിക്കുകയാണ്.
​മുന്നണിയിലെ മറ്റ് കക്ഷികളായ ആർ.എസ്.പി, കേരളകോൺഗ്രസ് മന്ത്രിമാർക്ക് ചുരുക്കം പേരെക്കൂടി നിയമിച്ചാൽ മതിയാകും. മുസ്ലീം ലീഗ് മന്ത്രിമാരുടെ കുറേ സ്റ്റാഫിനെ നേരത്തെ തന്നെ നിയമിക്കുകയും ബാക്കിയുള്ളവരുടെ പട്ടിക ഇറക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കോൺഗ്രസ് മന്ത്രിമാരുടെ ഓഫീസുകളിലാണ് നിയമനം പൂർണ്ണമായും വൈകുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലും നിയമനം നടക്കാനുണ്ട്. രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയവരുടെ ഓഫീസുകളിൽ മാത്രമാണ് ഏറെക്കുറെ നിയമനങ്ങൾ നടന്നിട്ടുള്ളത്.
​50 ശതമാനം സർക്കാർ സർവീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻകാരും ബാക്കി രാഷ്ട്രീയ നിയമനവുമെന്ന കീഴ്വഴക്കമാണ് സ്റ്റാഫ് നിയമനത്തിലുള്ളത്. ഇതിൽ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി നിയമനങ്ങളിൽ അധികവും സർവീസിൽ നിന്നുള്ളവരാകണം എന്നാണ് വ്യവസ്ഥ. രാഷ്ട്രീയ നിയമനങ്ങളിൽ തീരുമാനം പാർട്ടി നേതൃത്വമാണ് എടുക്കേണ്ടതെങ്കിലും മന്ത്രിമാർക്ക് സ്വന്തം ഇഷ്ടപ്രകാരവും നിയമിക്കാം.
​എന്നാൽ പാർട്ടി ജില്ലാ നേതൃത്വങ്ങൾ, മണ്ഡലം ഘടകങ്ങൾ എന്നിവയ്ക്ക് പുറമെ എം.പിമാർ, എം.എൽ.എമാർ, സമുദായ സംഘടനകൾ തുടങ്ങിയവരിൽ നിന്നെല്ലാം വൻതോതിൽ ശുപാർശകൾ എത്തുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ചില മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് നൂറിലധികം ശുപാർശ കത്തുകൾ വരെ എത്തിയിട്ടുണ്ട്. പ്ളീഡർമാരുടെ നിയമനത്തിൽ ഉണ്ടായതുപോലെയുള്ള പേരുദോഷം ഇനി ഉണ്ടാവരുതെന്ന കർശന നിലപാടിലാണ് കെ.പി.സി.സി നേതൃത്വം. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള സൂക്ഷ്മ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
​കീഴ്വഴക്ക പ്രകാരം 30 പേഴ്സണൽ സ്റ്റാഫിനെ വരെ നിയമിക്കാമെങ്കിലും ഇത്തവണ അത് 25 പേർ മതിയെന്നാണ് ധാരണ. മന്ത്രിമാർക്ക് പുറമെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവർക്കും ഇതേ ക്രമത്തിൽ സ്റ്റാഫിനെ നിയമിക്കേണ്ടതുണ്ട്. പട്ടികയ്ക്ക് അന്തിമ രൂപമായിട്ടുണ്ടെന്നും വൈകാതെ നിയമന ഉത്തരവിറങ്ങുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img