
സ്വതന്ത്രഇന്ത്യയിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് 1975 ജൂൺ 25നായിരുന്നു. ഇന്നേക്ക് അരനൂറ്റാണ്ട് പൂർത്തിയായിരിക്കുന്നു. അടിയന്തരാവസ്ഥയുടെ നാൽപതാം വർഷത്തിൽ, അതായത് 2014-ൽ കേരളശബ്ദത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ കോപ്പിയാണ് ഇതോടൊപ്പം. അടിയന്തരാവസ്ഥയുടെ ബാംഗ്ലൂർ എപ്പിസോഡ് ആണ് ആ ലേഖനത്തിൽ വിവരിച്ചത്. അടിയന്തരാവസ്ഥയുടെ രക്തസാക്ഷിയായ പ്രശസ്ത അഭിനേത്രി സ്നേഹലതാ റെഡ്ഢിയെയും മകളും സാമൂഹ്യപ്രവർത്തകയുമായ നന്ദന റെഡ്‌ഡിയെയും കുറിച്ചാണ് അതിൽ എഴുതിയത്. അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം 1978-ൽ ചിക്കമംഗളൂരിൽ മത്സരിക്കാനെത്തിയ ഇന്ദിരാഗാന്ധിയ്ക്കെതിരെ വായ കറുത്ത തുണികൊണ്ട് മൂടിക്കെട്ടി നന്ദനാറെഡ്‌ഡി നടത്തിയ പ്രതിഷേധസമരം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സംഭവത്തെ പറ്റി കവർസ്റ്റോറി പ്രസിദ്ധീകരിച്ച 1978 നവംബർ 26 ന്റെ ലക്കം കേരളശബ്ദത്തിന്റെ കവർ പേജും റിപ്പോർട്ടിന്റെ ആദ്യ പേജും, പത്രാധിപർ എന്റെ ലേഖനത്തോടൊപ്പം ചേർത്തത് ഗംഭീര അനുഭവമായി. അടിയന്തരാവസ്ഥയുടെ അമ്പതാംവർഷത്തിൽ വ്യത്യസ്തമായ ഒന്നും എഴുതാനായില്ല; ഈ ഓർമ്മപുതുക്കൽ കുറിപ്പല്ലാതെ..











