
കോഴിക്കോട് ആറുവയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ ക്രൂരമായി പീഡിപ്പിച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിലെ പ്രതികളായ കുട്ടിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും, രണ്ടാനമ്മ റംല ബീഗത്തിനും (ദേവിക അന്തർജനം) ജീവപര്യന്തം തടവാണ് ഹൈക്കോടതി വിധിച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിനെ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി.
വിചാരണക്കോടതി സുബ്രഹ്മണ്യന് മൂന്ന് വർഷവും റംല ബീഗത്തിനും രണ്ടുവർഷവും കഠിനതടവാണ് മുൻപ് ശിക്ഷിച്ചതെങ്കിലും, ഹൈക്കോടതി അത് "നീതിയുടെ നിഷേധം" ആകുമെന്ന് ചൂണ്ടിക്കാട്ടി. മെഡിക്കൽ തെളിവുകളും കുട്ടിയുടെ സഹോദരന്റെ സാക്ഷ്യവും ചേർന്നാൽ കൊലപാതകമാണെന്ന് തെളിയുന്നുവെന്നായിരുന്നു കോടതി വിലയിരുത്തൽ. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
അദിതിയെ കൊല്ലാനുള്ള ഉദ്ദേശം ഇല്ലായിരുന്നുവെന്ന വിചാരണക്കോടതിയുടെ വിലയിരുത്തൽ തെറ്റാണെന്നും, "അച്ചടക്കത്തിനായി ശിക്ഷിച്ചു" എന്ന വാദം തെളിവുകളാൽ തള്ളപ്പെടുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് പൊതുവായ ലക്ഷ്യം ഉണ്ടായിരുന്നു; അവർ കൂട്ടായി കുട്ടിയെ പീഡിപ്പിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചെയ്തുവെന്നും കോടതി പറഞ്ഞു.
കേസിന്റെ പശ്ചാത്തലം:
തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകൾ അദിതി 2013 ഏപ്രിൽ 29-നാണ് മരിച്ചത്. ആദ്യഭാര്യ റോഡപകടത്തിൽ മരിച്ചതിനെ തുടർന്ന് സുബ്രഹ്മണ്യൻ 2011-ൽ റംല ബീഗത്തെ വിവാഹം കഴിച്ചു. തുടർന്ന് ആറുവയസ്സുകാരിയായ അദിതിയും സഹോദരനും പീഡനത്തിനിരയായി.
കുട്ടികൾക്ക് ഭക്ഷണം നിഷേധിക്കപ്പെട്ടതോടൊപ്പം അവരെ അടിക്കുകയും ജോലി ചെയ്യിക്കുകയും പതിവായിരുന്നു. അദിതിയുടെ സ്വകാര്യഭാഗങ്ങളിൽ ചൂടുവെള്ളം ഒഴിച്ചതായും, ചികിത്സ നൽകാതെ അവശനിലയിലാക്കിയതായും തെളിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് അദിതി മരിച്ചത്. പ്രതികൾ പറഞ്ഞ "ചുഴലി ബാധയായിരുന്നു മരണകാരണം" എന്ന വാദം കോടതി തള്ളി. പ്രോസിക്യൂഷൻ ഭാഗത്ത് ടി.വി. നീമ ഹാജരായി.











