
ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും സമൂഹമാധ്യമങ്ങളിലെ താരങ്ങളാണ്. ഇപ്പോഴിതാ, തങ്ങളെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇരുവരും. 2024 മുതൽ ഇയാൾ അനാവശ്യ സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും ആരോപിച്ചു.
സ്വവർഗ ദമ്പതികളായ ഇരുവരെയും ഒരുമിച്ച് വിവാഹം കഴിക്കണമെന്ന ആവശ്യത്തോടെയാണ് ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നതെന്ന് ആദിലയും നൂറയും വ്യക്തമാക്കി. തുടക്കത്തിൽ അവഗണിച്ചിരുന്നെങ്കിലും, ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് ഇയാൾ അവരുടെ വിവരങ്ങൾ അന്വേഷിച്ചതായും, അടുത്ത ബന്ധമുള്ള ഒരാളോട് വിലാസം ചോദിച്ചതായും അവർ പറഞ്ഞു.
ബിഗ് ബോസ് ഷോയ്ക്ക് ശേഷവും ഇയാൾ ഫാൻ മീറ്റപ്പുകളിലും പ്രമോഷൻ പരിപാടികളിലും പിന്തുടർന്നെത്തിയതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് ആദിലയും നൂറയും അറിയിച്ചു. അടുത്തിടെ ഒരു റിസോർട്ടിൽ നടന്ന പ്രമോഷൻ പരിപാടിയിലും ഇയാൾ എത്തിയതോടെയാണ് പൊലീസിനെ സമീപിച്ചത്.
നിയമം ശക്തമാണെന്നും, എല്ലാവരും പരസ്പരം ബഹുമാനത്തോടെ പെരുമാറണമെന്നും ഇരുവരും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.











