
ബിഗ് ബോസ് സീസൺ ഏഴിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും വീണ്ടും ശ്രദ്ധാകേന്ദ്രങ്ങളാകുന്നു. ഒരുമിച്ച് എത്തിയ ഇവർ പിന്നീട് രണ്ടായാണ് മത്സരിച്ചത്. ഇരുവരും ഗെയിമിൽ തിളങ്ങി. ഇന്നലെ നടന്ന എവിക്ഷനിൽ ആദിലയാണ് പുറത്തായത്.
തൊണ്ണൂറ് ദിവസത്തിലധികം ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ശേഷമാണ് ആദിലയുടെ പുറത്താകാൽ. "ഇത്രയും ദിവസം നിൽക്കും എന്ന് ഞാൻ കരുതിയിരുന്നില്ല," – ആദില പറഞ്ഞു. ഹൗസിലെ “ഡ്രാമ ക്വീൻ” അനുമോളാണെന്നും, “ഡ്രാമ കിംഗ്” ഷാനവാസാണെന്നും ആദില ചിരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. "അനുവിന് പി.ആർ. ഉണ്ട്, അതുകൊണ്ട് അവൾ ജയിക്കും എന്ന് എനിക്ക് തോന്നുന്നു. അമ്പതിനായിരം കൊടുത്താൽ വോട്ട് വാങ്ങാമെന്ന് അവൾ തന്നെയാണ് പറഞ്ഞത്!" – ആദിലയുടെ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. അനുമോൾ ഒന്നാമതും, ഷാനവാസ് രണ്ടാമതും, കോമണറായ അനീഷ് മൂന്നാമതും, തന്റെ കൂട്ടുകാരി നൂറ നാലാമതും എത്തുമെന്നാണ് ആദിലയുടെ പ്രവചനം.
"ഞങ്ങൾ എന്താണ് പറയേണ്ടതെന്ന് ഷോയിലൂടെ പറഞ്ഞിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറും ആളുകൾ നമ്മളെ കണ്ടു. ആദ്യത്തിൽ ‘ഇവരൊക്കെ എങ്ങനെ ഒരുമിച്ച് ജീവിക്കുന്നു’, ‘ബെഡ്റൂം സീൻ എങ്ങനെയായിരിക്കും’ എന്നൊക്കെയാണ് ചിന്തിച്ചിരുന്നത്. പക്ഷേ പിന്നീട് അവർ ഞങ്ങളെ സാധാരണ ദമ്പതികളായി കണ്ടു തുടങ്ങി. അത് തന്നെ ഏറ്റവും വലിയ മാറ്റമാണ്. ലെസ്ബിയൻ എന്ന് പറഞ്ഞാൽ ഒരാൾ മുടിവെട്ടി ആൺപോലെ ഇരിക്കണമെന്ന ധാരണയ്ക്കാണ് മാറ്റം വന്നത്. അതാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ വിജയം."











