12:34pm 14 July 2026
NEWS
'രക്ഷാപ്രവർത്തന' കേസിൽ കളി തിരിഞ്ഞു; എ.ഡി.ജി.പി അജിത് കുമാർ സസ്പെൻഷനിലേക്ക്?
14/07/2026  09:21 AM IST
ന്യൂസ് ബ്യൂറോ
രക്ഷാപ്രവർത്തന കേസിൽ കളി തിരിഞ്ഞു; എ.ഡി.ജി.പി അജിത് കുമാർ സസ്പെൻഷനിലേക്ക്?

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന" കേസ് തെളിവില്ലെന്ന് കാട്ടി അവസാനിപ്പിക്കാൻ ഉന്നതതലത്തിൽ അട്ടിമറി നടന്നെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ  കണ്ടെത്തലിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് പണികിട്ടുമെന്ന് സൂചന. കേസ് അട്ടിമറിച്ചതിൽ അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കുന്ന റിപ്പോർട്ട് എസ്.ഐ.ടി ഡി.ജി.പി റവാഡ ചന്ദ്രശേഖറിന് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പിയെ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് വിവരം. റിപ്പോർട്ടിൽ ഡി.ജി.പി നിയമോപദേശം തേടിയിട്ടുണ്ട്. അന്യസംസ്ഥാനത്തുള്ള ആഭ്യന്തര സെക്രട്ടറി മിൻഹാജ് അലം തിരിച്ചെത്തിയാലുടൻ റിപ്പോർട്ട് ഔദ്യോഗികമായി കൈമാറും.
​ക്രമസമാധാന ചുമതലയുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ പ്രതികളെ രക്ഷിക്കാൻ നിയമം കയ്യിലെടുത്തു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് എസ്.ഐ.ടി റിപ്പോർട്ടിലുള്ളത്. കേസ് ഡയറി തിരുത്താൻ ഇടപെട്ടു, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാൻ തെളിവുകൾ നശിപ്പിച്ചു, അന്വേഷണ ഘട്ടത്തിൽ മുൻ മുഖ്യമന്ത്രിയുടെ അംഗരക്ഷകരായ പ്രതികളുമായി നിരന്തരം ഫോണിൽ സംസാരിച്ചു തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.
​കേസ് തെളിവില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളാൻ അന്ന് ആലപ്പുഴ എസ്.പിയായിരുന്ന ചൈത്രാ തെരേസാ ജോണിന് എ.ഡി.ജി.പി അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി എ.ഡി.ജി.പിയുടെ ഓഫീസിൽ വെച്ച് അട്ടിമറിക്ക് നിർബന്ധിച്ചതായി രണ്ട് എസ്.ഐമാർ മൊഴി നൽകിയിട്ടുണ്ട്. അജിത് കുമാറിന് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഉടൻ ചേരാനിരിക്കെ, ഈ റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് പൂഴ്ത്താൻ ശ്രമം നടന്നതായും ആക്ഷേപമുണ്ട്.

​കുറ്റങ്ങൾ ഗുരുതരം;ക്രിമിനൽ കേസിനും സാധ്യത


​ക്രിമിനൽ കേസുകൾ വരും: വ്യാജരേഖയുണ്ടാക്കൽ, തെളിവുനശിപ്പിക്കൽ, അന്വേഷണം അട്ടിമറിക്കൽ അടക്കമുള്ള ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി എ.ഡി.ജി.പിക്കെതിരെ കേസെടുക്കാനാവുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
​നടപടിക്ക് ശുപാർശ ഡി.ജി.പി നൽകണം: എ.ഡി.ജി.പി മുതിർന്ന ഉദ്യോഗസ്ഥനായതിനാൽ നടപടിക്ക് നേരിട്ട് ശുപാർശ ചെയ്യാൻ എസ്.ഐ.ടിക്ക് കഴിയില്ല. പൊലീസ് മേധാവിയാണ് ആഭ്യന്തര വകുപ്പിന് ഇതിനുള്ള ശുപാർശ നൽകേണ്ടത്.
​കേസെടുത്തില്ലെങ്കിൽ ഗൺമാൻമാർ രക്ഷപ്പെടും: കേസ് ഡയറി തിരുത്തിയ സംഭവത്തിൽ എ.ഡി.ജി.പിക്കെതിരെ കേസെടുത്തില്ലെങ്കിൽ, മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാർക്കെതിരെയുള്ള മർദ്ദനക്കേസ് കോടതിയിൽ നിലനിൽക്കില്ലെന്നും എസ്.ഐ.ടി മുന്നറിയിപ്പ് നൽകുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img