07:01pm 02 September 2026
NEWS
അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് ആരോഗ്യത്തെ ബാധിക്കും : ബാലാവകാശ കമ്മീഷൻ.
02/09/2026  03:59 PM IST
ചെറുകര സണ്ണിലൂക്കോസ്
അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് ആരോഗ്യത്തെ ബാധിക്കും :  ബാലാവകാശ കമ്മീഷൻ

 

അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ  പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന്  ബാലാവകാശ കമ്മീഷൻ.

ഐ സി ഡി എസ് മുഖാന്തിരം നൽകുന്ന അമൃതം ന്യൂട്രി മിക്‌സിന്റെ നിർമ്മാണത്തിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. ഇതുൾപ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ രൂപം നൽകണം. 

ടേക്ക് ഹോം റേഷൻ ( ടി എച്ച് ആർ ) പദ്ധതിയിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട ന്യൂട്രിമിക്സ് അളവ് സംബന്ധിച്ച് മാർഗ്ഗരേഖ ഉണ്ടാക്കണം.  കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട ന്യൂട്രി മിക്സ് സംബന്ധിച്ച നിർദ്ദേശം വനിതാ ശിശു വികസന ഡയറക്ടർ വകുപ്പിലെ കീഴുദ്യോഗസ്ഥർക്ക് നൽകണം. 

ഉൽപ്പന്നങ്ങളുടെ പാക്കേജ് ലേബലുകളിൽ പോഷക വിവരങ്ങളും  കുട്ടികൾക്ക് നൽകേണ്ട അളവുകളും സംബന്ധിച്ച കാര്യങ്ങൾ അച്ചടിച്ച് രേഖപ്പെടുത്തണം. 

അമൃതം ന്യൂട്രീമിക്സ് ഉൾപ്പെടെയുള്ള പോഷകാഹാരങ്ങളുടെ ഉപയോഗം, അവ പാകം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട രീതികൾ, ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരേണ്ട ആവശ്യകത എന്നിവ സംബന്ധിച്ച് അങ്കണവാടി വർക്കർമാർക്കും ഗുണഭോക്താക്കൾക്കും നേരിട്ടും പോഷൻ ട്രാക്കർ /  വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും വകുപ്പ്  ബോധവൽക്കരണം നടത്തണം. 

അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിലെ പഞ്ചസാരയുടെ അളവ് 20 ശതമാനമാണെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും  പ്രസ്തുത പൊടി ആറുമാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് ചെറുപ്പത്തിൽത്തന്നെ  ജീവിതശൈലി രോഗങ്ങൾക്ക്  ഇടവരുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി പാലക്കാട് പട്ടിത്തറ സ്വദേശി കെ സഹ് ല നൽകിയ ഹരജിയിലാണ് ബലാവകാശ സംരക്ഷണ കമ്മീഷൻ അംഗം പി ഷാജേഷ് ഭാസ്കറിന്റെ ഉത്തരവ്.

അധിക അളവിൽ പഞ്ചസാര ഉൾപ്പെടുന്നത് വഴി ദൂരവ്യാപക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കുട്ടികളുടെ ഉത്തമ താൽപര്യത്തിനും  പോഷകാഹാര അവകാശത്തിനും  വിരുദ്ധമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img