06:11am 11 November 2026
NEWS
ഒത്തുതീർപ്പ് വ്യവസ്ഥകൾ വിധിന്യായത്തിൽ ചേർക്കുന്നത് കക്ഷികളുടെ താൽപ്പര്യമനുസരിച്ച്: ഹൈക്കോടതി
09/09/2025  09:34 AM IST
സുരേഷ് വണ്ടന്നൂർ
ഒത്തുതീർപ്പ് വ്യവസ്ഥകൾ വിധിന്യായത്തിൽ ചേർക്കുന്നത് കക്ഷികളുടെ താൽപ്പര്യമനുസരിച്ച്: ഹൈക്കോടതി

കൊച്ചി: മധ്യസ്ഥ ചർച്ചകളിലൂടെ ഉണ്ടാക്കുന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾ എല്ലാ കേസുകളിലെയും വിധിന്യായത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. ഏകീകൃതമായൊരു നടപടിക്രമം കൊണ്ടുവരാൻ കോടതി സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം.
​വിദേശത്തുള്ളവർ ഉൾപ്പെടെയുള്ള കേസിലെ കക്ഷികൾക്ക് ഒത്തുതീർപ്പ് വ്യവസ്ഥകൾ വിധിന്യായത്തിൽ ഇല്ലാത്തത് കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെന്ന് എ.ഡി.ആർ (ആൾട്ടർനേറ്റീവ് ഡിസ്പ്യൂട്ട് റെസലൂഷൻ) സെന്റർ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കോടതി സ്വമേധയാ കേസ് പരിഗണിച്ചത്.

​ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ വിധിന്യായത്തിൽ ഉൾപ്പെടുത്തുന്നത് കക്ഷികൾക്ക് സഹായകരമാകുമെന്നും ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഇത് സ്വകാര്യത സംബന്ധിച്ച ആശങ്കകൾക്ക് വഴിവെക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

​കക്ഷികളുടെ താൽപ്പര്യവും കേസുകളുടെ സ്വഭാവവും പരിഗണിച്ചായിരിക്കും ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വാണിജ്യപരമായ കേസുകളിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യുമ്പോൾ, കുടുംബ തർക്കങ്ങൾ പോലുള്ള വ്യക്തിപരമായ കേസുകളിൽ രഹസ്യാത്മകത നിലനിർത്തുന്നതാകും ഉചിതം. കക്ഷികൾക്ക് സമ്മതമാണെങ്കിൽ, ഒത്തുതീർപ്പ് രേഖയുടെ ഒപ്പിട്ട സ്കാൻ ചെയ്ത പകർപ്പ് വിധിന്യായത്തിനൊപ്പം ചേർക്കാനുള്ള വിവേചനാധികാരം ജഡ്ജിമാർക്കുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ നിരീക്ഷണങ്ങളോടെ കോടതി ഈ കേസ് അവസാനിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img