
ന്യൂഡൽഹി: ഹിൻഡൻബർഗ് വിവാദവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സ്വീകരിച്ച നടപടികൾ ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചു. ഇടപാടുകൾ വെളിപ്പെടുത്തുന്നതിലെ വീഴ്ചകളും ഓഡിറ്റ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട അപാകതകളുമാണ് കേസുകളുടെ അടിസ്ഥാനം. സെപ്റ്റംബർ 22-നാണ് നടപടികൾ പൂർത്തിയാക്കി കേസുകൾ തീർപ്പാക്കിയത്.
അഞ്ച് കമ്പനികളും ചേർന്ന് 1.508 കോടി രൂപയാണ് ഒത്തുതീർപ്പ് തുകയായി നൽകിയത്. അദാനി എന്റർപ്രൈസസ് 76.05 ലക്ഷം രൂപയും അദാനി ഗ്രീൻ എനർജി 45.50 ലക്ഷം രൂപയും നൽകി. അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, എ.ഡബ്ല്യു.എൽ അഗ്രി ബിസിനസ് എന്നീ മൂന്ന് കമ്പനികൾ 9.75 ലക്ഷം രൂപ വീതമാണ് നൽകിയത്.
അദാനി എന്റർപ്രൈസസിനെതിരായ നടപടിക്ക് പ്രധാനമായും വാർഷിക റിപ്പോർട്ടുകളിൽ ചില അനുബന്ധ കക്ഷി ഇടപാടുകൾ വെളിപ്പെടുത്താത്തതും സാധുവായ പിയർ റിവ്യൂ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത ഓഡിറ്റ് സ്ഥാപനങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് കാരണം.
അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, എ.ഡബ്ല്യു.എൽ അഗ്രി ബിസിനസ് എന്നിവയും ഓഡിറ്റ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട സമാനമായ ആരോപണങ്ങളിലാണ് സെബി നടപടികൾ നേരിട്ടത്. അതേസമയം, 2015 ജൂണിൽ അവസാനിച്ച പാദത്തിലെ ലിമിറ്റഡ്-റിവ്യൂ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് അദാനി എനർജി സൊല്യൂഷൻസിനെതിരെയുണ്ടായിരുന്നത്.
2023 ജനുവരി 23ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യം 19.25 ലക്ഷം കോടി രൂപയായിരുന്നു. ഫെബ്രുവരി 27ഓടെ ഇത് 6.82 ലക്ഷം കോടി രൂപയായി താഴ്ന്നു. ഏകദേശം 64.6 ശതമാനമായിരുന്നു ഇടിവ്. പിന്നീട് വിപണിമൂല്യം വീണ്ടെടുത്ത് 2024 ജൂൺ 3ന് 19.42 ലക്ഷം കോടി രൂപയിലെത്തി. 2026 സെപ്റ്റംബർ 22ലെ കണക്കുപ്രകാരം ഗ്രൂപ്പിന്റെ വിപണിമൂല്യം 18.18 ലക്ഷം കോടി രൂപയാണ്.
ഒത്തുതീർപ്പ് തുക അടച്ചതോടെ നടപടികൾ അവസാനിച്ചെങ്കിലും കേസുകൾ പൂർണമായും അടഞ്ഞ അധ്യായമല്ലെന്നാണ് സെബി വ്യക്തമാക്കുന്നത്. ഒത്തുതീർപ്പിന്റെ ഭാഗമായി കമ്പനി നൽകിയ വിവരങ്ങൾ പിന്നീട് തെറ്റാണെന്ന് കണ്ടെത്തിയാൽ നടപടികൾ പുനരാരംഭിക്കാം. ഒത്തുതീർപ്പ് നിബന്ധനകൾ ലംഘിക്കുകയോ തുക നിശ്ചയിച്ചതിൽ അപാകത കണ്ടെത്തുകയോ ചെയ്താലും എൻഫോഴ്‌സ്‌മെന്റ് നടപടികൾ വീണ്ടും ആരംഭിക്കുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.










