
മുംബൈ: ഇന്ത്യൻ സിമന്റ് വ്യവസായത്തിന്റെ ശക്തിസമവാക്യങ്ങൾ മാറ്റിമറിക്കുന്ന നിർണായക നീക്കവുമായി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന് കീഴിലുള്ള വിവിധ സിമന്റ് നിർമ്മാണ കമ്പനികളെ ഏകീകരിക്കനാണ് നീക്കം. എസിസി ലിമിറ്റഡും ഓറിയന്റ് സിമന്റ് ലിമിറ്റഡും അംബുജ സിമന്റ്സിൽ ലയിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചതോടെ, രാജ്യത്തെ സിമന്റ് വിപണി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഈ ലയനം പൂർത്തിയാകുന്നതോടെ അംബുജ സിമന്റ്സ് ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിർമാതാക്കളിലൊന്നായി മാറും. ഉൽപാദനം മുതൽ വിപണനം വരെ ‘ഒറ്റക്കുടക്കീഴിലെ’ പ്രവർത്തനം സിമന്റ് മേഖലയിലെ മത്സരത്തിന്റെ തീവ്രത വർധിപ്പിക്കുമെന്ന് വ്യവസായ വൃത്തങ്ങൾ വിലയിരുത്തുന്നു.
ഒറ്റ ഘടന, വലിയ ശക്തി
ലയനനീക്കത്തിന്റെ ഭാഗമായി എസിസി, ഓറിയന്റ് എന്നീ കമ്പനികൾ അംബുജയിൽ ലയിക്കും. ഇതോടെ ഉൽപാദനശേഷി, ലോജിസ്റ്റിക്സ്, തീരുമാനമെടുക്കൽ തുടങ്ങിയ മേഖലകളിൽ വലിയ പ്രവർത്തന നേട്ടമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഓരോ മെട്രിക് ടൺ സിമന്റിനും കുറഞ്ഞത് 100 രൂപയുടെ അധിക ലാഭമാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
വിപണിയിൽ കനത്ത മത്സരം
1.33 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള അംബുജ സിമന്റ്സ് ഇതിനകം തന്നെ മേഖലയിലെ ഭീമനാണ്. എസിസിയുടെയും ഓറിയന്റിന്റെയും ലയനത്തോടെ ഈ ആധിപത്യം കൂടുതൽ ശക്തമാകും. അൾട്രടെക് സിമന്റ് പോലുള്ള വിപണി നേതാക്കളുമായി നേരിട്ടുള്ള മത്സരത്തിന് അദാനി ഗ്രൂപ്പിന് കൂടുതൽ കരുത്ത് ലഭിക്കും.
ഉൽപാദനശേഷി കുതിക്കുന്നു
നിലവിൽ 107 മില്യൺ ടൺ വാർഷിക ഉൽപാദനശേഷിയുള്ള അംബുജ, 2027–28ഓടെ ഇത് 155 മില്യൺ ടണ്ണായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന പ്ലാന്റുകളും ഗ്രൈൻഡിങ് യൂണിറ്റുകളും ഈ ലക്ഷ്യം സാധ്യമാക്കും.
ബ്രാൻഡുകൾ നിലനിൽക്കും
കോർപറേറ്റ് തലത്തിൽ ഏകീകരണം ഉണ്ടാകുമ്പോഴും വിപണിയിൽ ‘അംബുജ’, ‘എസിസി’ എന്നീ ബ്രാൻഡുകൾ അവയുടെ സ്വന്തം തിരിച്ചറിയലോടെ തുടരുന്നുതാണ്. ഇതിലൂടെ ഉപഭോക്തൃ വിശ്വാസവും വിപണി പിടിത്തവും നിലനിർത്താനാണ് തന്ത്രം.
ഏറ്റെടുക്കലുകളിൽ നിന്ന് വിപ്ലവത്തിലേക്ക്
2022ൽ ഹോൾസിമിൽ നിന്ന് അംബുജയും എസിസിയും ഏറ്റെടുത്തതോടെയാണ് അദാനി ഗ്രൂപ്പ് സിമന്റ് മേഖലയിലേക്ക് ശക്തമായി കടന്നത്. തുടർന്ന് 2024ൽ ഓറിയന്റ് സിമന്റ് ഏറ്റെടുത്തതും ഇപ്പോഴത്തെ വൻ ലയനത്തിലേക്ക് വഴിതുറന്നു. പെന്ന സിമന്റും സംഘി ഇൻഡസ്ട്രീസും കൂടി ലയിക്കുന്നതോടെ അദാനിയുടെ സിമന്റ് സാമ്രാജ്യം ‘ഒറ്റ ബ്രാൻഡ്, അഖിലേന്ത്യ സ്വാധീനം’ എന്ന തലത്തിലേക്ക് ഉയരും.
ഈ ഏകീകരണം ഇന്ത്യൻ സിമന്റ് വ്യവസായത്തിൽ ഒരു സാധാരണ ലയനം മാത്രമല്ല; മറിച്ച്, അടുത്ത ദശകത്തിലെ മത്സരം, വിലനിർണയം, വളർച്ചാ ദിശ എന്നിവയെ നിർണയിക്കുന്ന ഒരു വിപ്ലവാത്മക മാറ്റം ആകുമെന്നാണ് വിലയിരുത്തൽ.











