01:19am 18 January 2026
NEWS
ഇനി റിലയൻസുമായി നേർക്കുനേർ; ടെലികോം രംഗത്തേക്ക് ചുവട് വെയ്ക്കാനൊരുങ്ങി അദാനി
09/07/2022  11:45 AM IST
Veena
ഇനി റിലയൻസുമായി നേർക്കുനേർ; ടെലികോം രംഗത്തേക്ക് ചുവട് വെയ്ക്കാനൊരുങ്ങി അദാനി
HIGHLIGHTS

അദാനി ഗ്രൂപ്പ് ടെലികോം ബിസിനസിലേക്കു ചുവടുവയ്ക്കുന്ന പക്ഷം അംബാനിയുമായി നേരിട്ടുള്ള മത്സരത്തിനായിരിക്കും തുടക്കമിടുക

ഡൽഹി:   അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്കു കടക്കുന്നതായി റിപ്പോർട്ടുകൾ. ഈ മാസം അവസാനം നടക്കുന്ന 5ജി സ്‌പെക്ട്രം ലേലത്തിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് സൂചന. ഇതോടെ അദാനി ഗ്രൂപ്പ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുമായും സുനിൽ ഭാരതി മിത്തലിന്റെ എയർടെല്ലുമായും നേരിട്ടുള്ള മത്സരത്തിനു കളമൊരുങ്ങും. അദാനി ഗ്രൂപ്പിന് അടുത്തിടെ നാഷനൽ ലോങ് ഡിസ്റ്റൻസ് (എൻഎൽഡി), ഇന്റർനാഷനൽ ലോങ് ഡിസ്റ്റൻസ് (ഐഎൽഡി) ലൈസൻസുകൾ ലഭിച്ചിരുന്നു. എന്നാൽ സ്‌പെക്ടം ലേലത്തിൽ പങ്കെടുക്കുന്നതായി അദാനി ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല.  ലേലത്തിൽ പങ്കെടുക്കുന്നത് ആരൊക്കെയെന്ന വിവരങ്ങൾ ജുലൈ 12ന് ടെലികോം വകുപ്പ് പുറത്തുവിടും.

അദാനി ഗ്രൂപ്പ് ടെലികോം ബിസിനസിലേക്കു ചുവടുവയ്ക്കുന്ന പക്ഷം അംബാനിയുമായി നേരിട്ടുള്ള മത്സരത്തിനായിരിക്കും തുടക്കമിടുക. ഗുജറാത്തിൽനിന്നുള്ള ഈ ബിസിനസ് ഭീമന്മാർ നിലവിൽ ഒരു രംഗത്തും നേരിട്ട് ഏറ്റുമുട്ടുന്നില്ല. എണ്ണ, പെട്രോകെമിക്കൽ മുതൽ ടെലികോം, റീട്ടെയ്ൽ വരെ നീളുന്നതാണ് അംബാനി സാമ്രാജ്യം. അദാനിയാവട്ടെ, തുറമുഖങ്ങൾ, കൽക്കരി, ഊർജ വിതരണം, ഏവിയേഷൻ എന്നിവയിലാണ് ശ്രദ്ധ ഊന്നുന്നത്.

ഈ മാസം ഇരുപത്തിയാറിനു നടക്കുന്ന സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ നൽകുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ചു. നാലു കമ്പനികൾ ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷിച്ചതായാണ് സൂചനകൾ. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാലാമത്തെ കമ്പനി അദാനി ഗ്രൂപ്പ് ആണെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img