
തിരുവനന്തപുരം: "ഓരോ ഫയലും ഓരോ ജീവിതം" എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് ഓർമ്മിപ്പിക്കാറുണ്ടെങ്കിലും, സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിൽ 15 ലക്ഷത്തിലേറെ ഫയലുകൾ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ, ഈ ഫയലുകൾക്ക് അന്തിമ തീർപ്പ് കൽപ്പിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും "ഫയൽ അദാലത്ത്" നടത്താൻ തീരുമാനിച്ചു. ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയാണ് ഈ പ്രത്യേക യജ്ഞം നടക്കുക.
സെക്രട്ടേറിയറ്റിലും ഡയറക്ടറേറ്റുകളിലുമാണ് ഫയലുകൾ കൂടുതലായി കെട്ടിക്കിടക്കുന്നത്. ഇതിൽ ഏറ്റവും അധികം ഫയലുകൾ ധനവകുപ്പിലാണുള്ളത്. അദാലത്തിനുള്ള ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഫയലുകൾ തീർപ്പാക്കുന്നതിന് നിലവിലുള്ള വ്യവസ്ഥകൾ തടസ്സമാണെങ്കിൽ, ചീഫ് സെക്രട്ടറി തലത്തിൽ യോഗം ചേർന്ന് ആവശ്യമായ ശുപാർശകൾ നൽകി ഭേദഗതി വരുത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെക്രട്ടറിമാർക്കും വകുപ്പ് അധ്യക്ഷന്മാർക്കുമാണ് അദാലത്തിന്റെ മേൽനോട്ടച്ചുമതല. വകുപ്പുകളുടെ അഭിപ്രായം തേടിയുള്ള ഫയലുകളിലെ കാലതാമസം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. കാലങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകളിൽ 15 ദിവസത്തിനകം അന്തിമ തീരുമാനം ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്.
ഫയൽ തീർപ്പാക്കൽ കാര്യക്ഷമമാക്കാനും വിവരങ്ങൾ ശേഖരിക്കാനുമായി ഐ.ടി. വകുപ്പുമായി ചേർന്ന് ഒരു പോർട്ടൽ ഏർപ്പെടുത്തും. അദാലത്തിന്റെ പുരോഗതി മന്ത്രിമാരും മന്ത്രിസഭയും ഇടവേളകളിൽ വിലയിരുത്തും. ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്ന ധനവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണം. മറ്റ് വകുപ്പുകൾ നൽകിയിട്ടുള്ള ഫയലുകളിൽ തീരുമാനമെടുക്കുന്നതിനായി ധനകാര്യ വകുപ്പുമായി ചേർന്ന് അദാലത്ത് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.
ഫയൽ തീർപ്പാക്കൽ സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലായിരിക്കും നടക്കുക. വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് മുൻഗണനാക്രമം നിശ്ചയിക്കും.
അദാലത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സെക്രട്ടറിമാർ നേരിട്ട് മേൽനോട്ടം വഹിക്കണം. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കി ഫയലുകളിലെ ആവശ്യങ്ങൾ തീർപ്പാക്കാനാകണം. പ്രതിമാസ യോഗങ്ങളിൽ ചീഫ് സെക്രട്ടറി പുരോഗതി വിലയിരുത്തും.
സെക്രട്ടേറിയറ്റിലുൾപ്പെടെ 15.24 ലക്ഷം ഫയലുകളാണ് നിലവിൽ കെട്ടിക്കിടക്കുന്നത്. നിയമസഭയിൽ നൽകിയ കണക്കനുസരിച്ച്, ധനകാര്യ വകുപ്പിൽ മാത്രം 26,257 ഫയലുകളാണുള്ളത്. "മുന്നിലെത്തുന്ന ഓരോ അപേക്ഷകനോടും ഉദ്യോഗസ്ഥർ മനുഷ്യത്വം കാട്ടണം. പക്ഷേ, മാറ്റത്തിന് ചിലരെങ്കിലും ഇപ്പോഴും തയ്യാറല്ല," മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.











