
പത്തനംതിട്ട: ശബരിമല അരവണ വിതരണത്തിൽ കടുത്ത പ്രതിസന്ധി. നിലവിൽ ഏകദേശം 5,000 ടിൻ അരവണ മാത്രമാണ് സ്റ്റോക്കിലുള്ളത്. കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ ഇന്ന് മാത്രം 15,000 പേരാണ് ഓൺലൈൻ ബുക്കിങ് വഴി ദർശനത്തിനെത്തുന്നത്. സ്പോട്ട് ബുക്കിങ് കൂടി കണക്കിലെടുക്കുമ്പോൾ തീർഥാടകരുടെ എണ്ണം 17,000 കടന്നേക്കും.
അരവണയുടെ ലഭ്യത കുറഞ്ഞതോടെ ഒരാൾക്ക് ഒരു ടിൻ മാത്രം നൽകുന്ന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ നിയന്ത്രണം തീർഥാടകരുടെ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
അരവണ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. എന്നാൽ മാസപൂജ സമയത്തെ തിരക്ക് കണക്കിലെടുത്ത് നേരത്തെ തന്നെ ആവശ്യമായ കരുതൽ ശേഖരം ഒരുക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന വിമർശനവും ശക്തമാണ്.
ഇന്ന് ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണവും നിലവിലുള്ള അരവണ സ്റ്റോക്കും തമ്മിലുള്ള വലിയ അന്തരമാണ് ആശങ്ക ഉയർത്തുന്നത്. ക്ഷേത്രനട അടയ്ക്കുന്നതിന് മുൻപ് അരവണ വിതരണം എങ്ങനെ നിയന്ത്രിക്കുമെന്നതും നിർണായകമാണ്.










