
ചെന്നൈ: ഹ്രസ്വചിത്രം നിർമിച്ച് നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങി. ചിത്രം പൂർത്തിയാകാതെ വന്നതോടെ പണം തിരികെ ചോദിച്ച യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കൈക്കലാക്കിയെന്ന പരാതിയിൽ നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിൽ.
ഹ്രസ്വചിത്രം നിർമിക്കാമെന്ന വാഗ്ദാനത്തിലാണ് യുവാവ് വർഷിണിക്ക് അഞ്ച് ലക്ഷം രൂപ നൽകിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ നിർമാണം ആരംഭിച്ചില്ല. ഇതോടെ യുവാവ് നൽകിയ പണം തിരികെ ആവശ്യപ്പെട്ടു.
പണം മടക്കി നൽകാമെന്ന് പറഞ്ഞ് യുവാവിനെ വർഷിണി ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ ഇവിടെവച്ച് കാര്യങ്ങൾ മാറിമറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. യുവാവിനെ ഭീഷണിപ്പെടുത്തിയ ശേഷം കൈവശമുണ്ടായിരുന്ന 50,000 രൂപയും രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും ബലമായി പിടിച്ചെടുത്തെന്നാണ് പരാതി.
തുടർന്ന് യുവാവ് പൊലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വർഷിണിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ തട്ടിപ്പ്, കവർച്ച തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. പിന്നാലെയാണ് വർഷിണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.










