
മുംബൈ: പൊതുപരിപാടിക്കിടെ ബോളിവുഡ് നടി നികിത റാവലിന് നേരെ ആരാധികയുടെ അതിരുവിട്ട പെരുമാറ്റം. റെഡ് കാർപെറ്റിൽ മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്നതിനിടെയാണ് സംഭവം. സുരക്ഷാ ജീവനക്കാരുടെ വലയം മറികടന്നെത്തിയ ആരാധിക നികിതയോട് സെൽഫിയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആരാധികയ്ക്കൊപ്പം താരം പുഞ്ചിരിച്ച് സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ ആരാധിക നികിതയുടെ കവിളിൽ ചുംബിച്ചു.
തുടർന്ന് താരത്തെ പിടിച്ചുവലിച്ച് ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചതോടെ നികിത അസ്വസ്ഥയായി. ആരാധികയെ അകറ്റാൻ താരം ശ്രമിച്ചെങ്കിലും വീണ്ടും സമീപിച്ച് ചുംബിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അപ്രതീക്ഷിത സംഭവത്തിൽ നികിത ഒരു നിമിഷം പകച്ചുനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിന് പിന്നാലെ നികിത ഉടൻ തന്നെ റെഡ് കാർപെറ്റ് വിട്ടുപോയി. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ആരാധികയ്ക്ക് താരത്തിനരികിലേക്ക് എത്താൻ കഴിഞ്ഞതും ചർച്ചയായിട്ടുണ്ട്. താരങ്ങളുടെ സ്വകാര്യ അതിരുകളും സുരക്ഷയും സംബന്ധിച്ച ചർച്ചകൾക്കും സംഭവം വഴിവെച്ചിരിക്കുകയാണ്. ആരാധകരുടെ സ്നേഹം അതിരുവിടുമ്പോൾ അത് താരങ്ങൾക്ക് അസ്വസ്ഥതയും സുരക്ഷാ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.










