10:50am 29 April 2026
NEWS
നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല, ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്: നടി പാർവതി തിരുവോത്ത്

04/02/2025  04:51 PM IST
nila
നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല, ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്: നടി പാർവതി തിരുവോത്ത്

താൻ പ്രണയിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. സിനിമ നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ലെന്നും എന്നാൽ ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഇപ്പോൾ സിം​ഗിളാണെന്നും എന്നാൽ, മുൻകാമുകൻമാരിൽ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ടെന്നും താരം പറയുന്നു.  ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈൽ ഉണ്ടെങ്കിലും നേരിൽ കണ്ട് പ്രണയിക്കുന്നതിനോടാണ് താത്പര്യമെന്നും നടി വ്യക്തമാക്കി. ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിലാണ് പാർവതി തിരുവോത്ത് തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്. 

നടി അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ...

"ഞാൻ പ്രണയിച്ചിട്ടുണ്ട്. പക്ഷേ, കുറെ നാളായി സിംഗിളാണ്. മുൻകാമുകൻമാരിൽ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണ് ഞാൻ. പലരുമായും ഞാൻ ഇപ്പോഴും സംസാരിക്കാറുണ്ട്. വളരെ അടുത്ത ബന്ധം പുലർത്തുന്നു എന്നല്ല. എങ്കിലും, വല്ലപ്പോഴും വിളിച്ച്, നിനക്ക് സുഖമാണോ എന്നു ചോദിക്കുന്നതിൽ തെറ്റില്ല.  കാരണം ഏതോ ഒരു കാലത്ത് ഞങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നവരാണ്. ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണ്. അവർ സന്തോഷമായിരിക്കണമെന്ന് കരുതുന്നു. കാരണം, ഞാൻ സന്തോഷവതിയാണ്. ചിലപ്പോൾ ഒറ്റപ്പെടൽ തോന്നും. കെട്ടിപ്പിടിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്. മനുഷ്യരുടെ സ്പർശമില്ലാതെ നമ്മൾ കടന്നു പോകുന്ന ദിവസങ്ങളുണ്ടല്ലോ... അത് ന്യായരഹിതമാണ്."  

"ഒരുപാട് മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോയ ആളാണ് ഞാൻ. അമിതമായി ഭക്ഷണം കഴിക്കുന്ന കുഴപ്പം എനിക്കുണ്ടായിരുന്നു. ബോഡി ഡിസ്മോർഫിയ അതിന്റെ അതിന്റെ പീക്കിലായിരുന്നു. ആ സമയത്ത് ഞാൻ വളരെ നല്ല ഒരു വ്യക്തിയെ ഡേറ്റ് ചെയ്യുകയായിരുന്നു. എനിക്ക് ദേഷ്യവും വിശപ്പും ഒരുമിച്ച്‌ വരും. വിശക്കുന്നതിന് എനിക്ക് ദേഷ്യം വരും.  ഭക്ഷണം കഴിക്കണ്ട എന്ന് വിചാരിക്കും. കാരണം നമ്മൾ തടിവച്ച് കാണാൻ വൃത്തികേടായിപ്പോകും എന്നൊക്കെ തോന്നും. ആ സമയത്ത് അവൻ എനിക്ക് വേണ്ടി ഭക്ഷണമുണ്ടാക്കും. ചായയും ജിഞ്ചർ ടീയും ഒക്കെ ഉണ്ടാക്കി തരും. പക്ഷേ, ഭക്ഷണത്തോടുള്ള എന്റെ ദേഷ്യം ആ ബന്ധത്തെ മോശമാക്കാൻ തുടങ്ങി. എന്റെ മാനസികബുദ്ധിമുട്ടുകൾ ആ ബന്ധത്തെയും ബാധിച്ചു. ഞാൻ തന്നെ ആ ബന്ധം നശിപ്പിക്കുകയാണെന്ന് കുറച്ച്‌ മാസങ്ങൾക്കുള്ളിൽ ഞാൻ മനസ്സിലാക്കി.  ഒരുപാട് കാലങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും സംസാരിച്ചു. ഞാൻ ക്ഷമ ചോദിച്ചു. കുറെ നാളുകൾക്ക് ശേഷം അങ്ങനെ തുറന്നു സംസാരിക്കുന്നത് ഒരുതരത്തിൽ മുറിവുണക്കലാണ്. ഇനി മറ്റാെരാളെ ജീവിതത്തിലേക്ക് കൊണ്ട് വരും മുമ്പ് ഞാൻ എന്റെ കാര്യം കുറച്ച്‌ കൂടി ശ്രദ്ധിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ അവർക്ക് ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വരും." 

"സിനിമാ രംഗത്ത് ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല. അത് പ്ലാൻ ചെയ്ത് സംഭവിച്ചതല്ല.  സിനിമയെക്കുറിച്ച് മനസ്സിലാകുന്ന ഒരാൾ ആകുന്നത് വളരെ പ്രധാനമാണ്. അവർക്ക് നമ്മുടെ ജോലിയെക്കുറിച്ച് മനസ്സിലാകും. പ്രണയത്തിലാകുന്നത്‌ എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, കുറച്ചു വർഷങ്ങളായി ഞാൻ സിംഗിളാണ്, ഏകദേശം മൂന്നരവർഷത്തോളമായി. നാല് മാസം മുമ്പ് എന്നെ സുഹൃത്തുക്കൾ ഡേറ്റിങ് ആപ്പുകൾ പരിചയപ്പെടുത്തി. പക്ഷേ, ആളുകളെ ‘ഷോപ്പ്’ ചെയ്യുന്നത് വിചിത്രമായിട്ടാണ് എനിക്ക് തോന്നിയത്. ഫ്രാൻസിൽ വെച്ച്‌ ടിൻഡറിൽ എന്റെ പ്രൊഫൈൽ പിക്ചർ വച്ചു. എന്റെ സുഹൃത്തുമുണ്ടായിരുന്നു ഒപ്പം. ഇവിടെ വെച്ച്‌ നിന്നെ ആരും തിരിച്ചറിയില്ലെന്ന് അവൾ പറഞ്ഞു. ഒരുപാട് മുഖങ്ങൾ ഞാൻ അവിടെ കണ്ടു. പക്ഷേ, പെട്ടെന്ന് തന്നെ ഞാൻ ടിൻഡർ ഉപേക്ഷിച്ചു. പിന്നീട് ബംബിൾ, റായ തുടങ്ങിയ ഡേറ്റിങ് ആപ്പുകൾ വന്നു."

"ഞാൻ ഡേറ്റിങ് ആപ്പുകളിലുണ്ട്. ചിലപ്പോഴൊക്കെ കയറി നോക്കും. പക്ഷേ, മിക്കവാറും അക്കൗണ്ട് സസ്പെൻഡ് ചെയ്തുവയ്ക്കും. ചിലരുടെ ബയോ വായിച്ചാൽ കഥയെഴുതാം. പക്ഷേ, അവരെ താഴ്ത്തി കാണുകയല്ല, ചിലപ്പോൾ ഞാനും അങ്ങനെ ബയോ വയ്ക്കാറുണ്ട്. ഇപ്പോഴത്തെ റിയാലിറ്റി ഇതാണ്. പക്ഷേ, എനിക്ക് പഴയ രീതിയിൽ ഒരാളെ കണ്ടെത്താനാണിഷ്ടം. നേരിട്ട് കാണുക, കണ്ണുകൾ കൊണ്ട് സംസാരിക്കുക, കാണുമ്പോഴുള്ള ആവേശം അനുഭവിക്കുക, അതൊക്കെയാണ് എനിക്കിഷ്ടം. ഞാൻ വളരെ മനോഹരമായി പ്രണയിക്കുന്ന ആളാണ്. എനിക്ക് തോന്നുന്നത് പ്രണയം നമ്മുടെ തലച്ചോറിൽ തന്നെ ഉള്ളതാണ്. അത് ആർക്കും എടുത്തു മാറ്റാൻ കഴിയില്ല."

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.