
നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് അറസ്റ്റു ചെയ്ത നടിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. നേരത്തെ ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ മിനു ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു.
സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ നടി നൽകിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ നടപടി. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകുകയും ചെയ്തു.
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കെയാണ് നടി ആദ്യം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ആദ്യം പരാതി നൽകി. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്. 2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു പരാതി.











