
മലയാള ചലച്ചിത്ര ലോകത്തിനുതന്നെ അഭിമാനകരമായ ഒരു സംഘടനയായിരുന്നു അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (Association of Malayalam Movie Artists). 'അമ്മ' എന്ന ചുരുക്കപ്പേരിലാണ് ഈ സംഘടന അറിയപ്പെടുന്നതും. 1994-ൽ രൂപം കൊണ്ട ഈ സംഘടന മുപ്പതാണ്ടുകൾ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളിലെ ഈ സംഘടനയുടെ പ്രവർത്തനം മലയാളസിനിമാരംഗത്തെ സംബന്ധിച്ചിടത്തോളം സ്തുത്യർഹമായിരുന്നു എന്നും സമ്മതിക്കണം. കാരണം ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്യപ്പെട്ട ഈ സംഘടന അതിന്റെ സത്ത കളഞ്ഞുകുളിച്ചിരുന്നുമില്ല. നടിയെ ആക്രമിച്ച കേസിൽ എടുത്ത നിലപാടു സംബന്ധിച്ച് സംഘടനയിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായെങ്കിൽ പോലും അത് ഒരിക്കലും പൊതുവായ പ്രവർത്തനങ്ങളെ ബാധിച്ചില്ല. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല. മാന്യതയുടെയും മര്യാദയുടെയും എല്ലാ പരിധികളും ലംഘിച്ച് നടത്തുന്ന വിഴുപ്പലക്കലിലൂടെ പരിഹാസ്യമായി പൊതു സമൂഹത്തിന്റെ മുമ്പിൽ നിൽക്കുന്നു. ഇന്ത്യൻ ചലച്ചിത്രലോകത്തിനു തന്നെ മാതൃകയായി പ്രവർത്തിച്ചിരുന്ന ഈ സംഘടന ഇന്ന് അധഃപതനത്തിന്റെ അഗാധഗർത്തിലാണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.
സംഘടനയിലെ അംഗങ്ങൾക്ക് എന്നും കരുത്തും കരുതലുമായിരുന്നു ഈ സംഘടന. സാമ്പത്തിക ഭദ്രതയില്ലാത്ത അംഗങ്ങൾക്ക് അയ്യായിരം രൂപ പ്രതിമാസം കൈനീട്ടം എന്ന പേരിൽ നൽകുക, മെഡിക്കൽ ഇൻഷുറൻസ്, മരുന്നുവിതരണം, ചികിത്സാസഹായം എന്നിങ്ങനെ ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങളാണ് ഈ സംഘടന അംഗങ്ങൾക്കിടയിൽ നടത്തുന്നത്. ഇത്തരം ആദരണീയമായ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്ന രീതിയിലേയ്ക്ക് സംഘടനയുടെ ദിശ തിരിച്ചുവിട്ടതാരാണ്? അതും എഎംഎംഎ (അമ്മ) എന്ന സംഘടനയുടെ ചരിത്രത്തിലാദ്യമായി വനിതകൾ മാത്രം നേതൃത്വത്തിൽ എത്തിയ ഈ സമയത്ത് എന്താണു യഥാർത്ഥപ്രശ്നം? എന്താണു പൊതുസമൂഹത്തിന് ഈ സംഘടന നൽകുന്ന സന്ദേശം? നിലവിലുള്ള വനിതകൾ നേതൃത്വം കൊടുക്കുന്ന ഭരണസമിതിക്ക് സംഘടനയെ നയിക്കാൻ കെല്പില്ലെന്നോ? അതോ ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കി ഈ സംഘടനയുടെ സത്തയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് സ്വാർത്ഥലാഭ ലക്ഷ്യത്തോടെ സംഘടനയെ രാഷ്ട്രീയവൽക്കരിക്കലോ? ഇങ്ങനെ ചോദ്യങ്ങൾ നിരവധിയുണ്ട്.
അഞ്ഞൂറിലേറെ അംഗങ്ങളുള്ള അമ്മ എന്ന സംഘടനയിൽ ഒട്ടേറെ വിവാദപരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും ബഹുഭൂരിപക്ഷം അംഗങ്ങളും നിശ്ശബ്ദത പാലിക്കുന്നു എന്നതാണ് ലജ്ജാകരമായ വസ്തുത. എന്നാൽ അപൂർവ്വം ചിലർ ശക്തമായിത്തന്നെ തങ്ങളുടെ നിലപാടു വ്യക്തമാക്കുന്നുമുണ്ട്. വ്യക്തിപരമായ സൗഹൃദവും ഇഷ്ടാനിഷ്ടങ്ങളും മറന്ന് അവർ സ്വന്തം നിലപാടു പരസ്യമാക്കുന്നു, അതിൽ ഉറച്ചുനിൽക്കുന്നു. അതിൽ പ്രഥമഗണനീയ ആകുന്നത് മാലപാർവ്വതി എന്ന നടിയാണ്. സംഘടനയുടെ അപചയത്തിൽ ദുഃഖിക്കുമ്പോഴും ശക്തമായ നിലപാടു സ്വീകരിക്കുന്നു. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന സംഘടനയിൽ ഉണ്ടായ പ്രശ്നങ്ങളെ മുൻനിർത്തി പ്രശസ്തനടി മാലാപാർവതി 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.
? എഎംഎംഎ (അമ്മ) എന്ന സംഘടനയിലെ തർക്കങ്ങൾ ഇന്നു പൊതുചർച്ചയായി മാറിയിരിക്കുകയാണ്. സംഘടനാതലത്തിൽ പരിഹരിക്കേണ്ടുന്ന അഥവാ പരിഹരിക്കാമായിരുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തിനു മുമ്പിലെത്തിച്ചത് ആശാസ്യമാണോ.
ഒരിക്കലുമല്ല. ഒരു സംഘടനയാകുമ്പോൾ അവിടെ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്. അത് അവിടെത്തന്നെ പരിഹരിക്കുക എന്നതാണ് കരണീയം. നേതൃത്വത്തിലുള്ളവരുടെ ഉത്തരവാദിത്തം കൂടിയാണത്. പക്ഷേ ദൗർഭാഗ്യവശാൽ ഞങ്ങളുടെ സംഘടനയിലെ പ്രശ്നങ്ങൾ കോടതിയിൽ വരെ എത്തി നിൽക്കുകയാണിന്ന്.
? ഇതിനുമുമ്പ് ഈ സംഘടന വലിയൊരു പ്രതിസന്ധി നേരിട്ടത് നടി ആക്രമിക്കപ്പെട്ടസംഭവത്തെത്തുടർന്നായിരുന്നു. അന്നതിനു മതിയായ കാരണങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾക്കു പിന്നിൽ അത്തരം നയപരമായ പ്രശ്നങ്ങൾ ഇല്ലല്ലോ.
നയപരമായ പ്രശ്നമില്ല എന്നു പറഞ്ഞുകൂടാ. പക്ഷേ അതല്ല ചർച്ച വിഷയമായത്. വ്യക്തിപരമായ ആക്ഷേപങ്ങളും ആരോപണങ്ങളുമാണ്.
? ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം എവിടെനിന്നായിരുന്നു.
തുടക്കം ഒരു ഫണ്ട് സ്വീകരണത്തിൽ നിന്നായിരുന്നു. എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ നിന്നും ഒരു വലിയ തുക എഴുപത്തഞ്ചുലക്ഷം രൂപ സ്വീകരിച്ചത് അൻസിബ ചോദ്യം ചെയ്തു. ക്ഷേത്രത്തിൽ നിന്ന് ഉള്ളതല്ല ഇവിടെ പ്രശ്നം. ഒരു മതസ്ഥാപനത്തിൽ നിന്നോ ദേവാലയത്തിൽ നിന്നോ ഫണ്ടു വാങ്ങേണ്ട സാഹചര്യം അമ്മ എന്ന സംഘടനയ്ക്കില്ല എന്നതാണ്. പലപ്രാവശ്യം ഈ സംഘടന ഫണ്ടു ശേഖരണം നടത്തിയിട്ടുണ്ട്. അതൊക്കെത്തന്നെയും സ്റ്റേജ്ഷോകളിലൂടെയാണ്. വലിയ താരങ്ങൾ ഒക്കെ പങ്കെടുക്കുന്ന സ്റ്റേജ് ഷോ ആകുമ്പോൾ ധാരാളം സ്പോൺസർമാരെയും ലഭിക്കും. അഥവാ മഴവിൽ മനോരമ പോലുള്ള വലിയ കമ്പനികൾ തന്നെ സ്പോൺസർ ചെയ്യാൻ തയ്യാറായിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഏതെങ്കിലും മതസംഘടനയിൽ നിന്നോ ദേവാലയത്തിൽ നിന്നോ ഫണ്ടു സ്വരൂപിക്കേണ്ട കാര്യമില്ലല്ലോ. മാത്രമല്ല ഒരു വലിയ തെറ്റിദ്ധാരണയ്ക്കിടയാക്കുകയും ചെയ്തു. കാരണം തുടക്കം മുതൽ തന്നെ മതമോ രാഷ്ട്രീയമോ ഇല്ലാത്ത സംഘടനയാണിത്. ആ സ്വതന്ത്രനിലപാടിനു കോട്ടം തട്ടുന്ന സമീപനം എന്ന നിലയിലാണ് അൻസിബ ഇങ്ങനെ എതിർത്തത്.
? ഇതു എഎംഎംഎയുടെ പ്രസിഡന്റ് അഥവാ ശ്വേതാമേനോന് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയുന്ന കാര്യമാണോ? നയപരമായ തീരുമാനമാകുമ്പോൾ കമ്മിറ്റി അംഗീകരിക്കേണ്ടേ?
അതെ-കമ്മിറ്റിയിൽ അൻസിബയാണു കൃത്യവും വ്യക്തവുമായ നിലപാടെടുത്തത്. മറ്റുചിലരും അൻസിബയ്ക്കൊപ്പമുണ്ടായിരുന്നു. എങ്കിലും ഒരു വിഭാഗം വാങ്ങാം എന്ന നിലപാടുകാരായിരുന്നു.
? ഇതിനിടയിൽ അൻസിബ-ലക്ഷ്മിപ്രിയ എന്നിവരുടെ തർക്കങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തിയല്ലോ.
ഉവ്വ്. അതും വലിയ കഴമ്പില്ലാത്ത കാര്യമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ഈ കേസ് ഒരു ഗൂഢാലോചനയുടെ ഫലമാണെന്നും തന്നെ സംഘടനയിൽ നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് അൻസിബയുടെ നിലപാട്. തനിക്ക് പോലീസ് സ്റ്റേഷനിൽ നിന്നുണ്ടായ തിക്താനുഭവങ്ങൾ അനുഭാവപൂർവ്വം കേൾക്കാനുള്ള സന്മനസ്സുപോലും 'അമ്മ'യുടെ പ്രസിഡന്റ് എന്ന നിലയിൽ ശ്വേത കാണിച്ചില്ല എന്നൊക്കെയുള്ള പരാതി അൻസിബയ്ക്കുണ്ടായിരുന്നു. അതിനിടയിലാണ് സാമ്പത്തിക വിഷയങ്ങൾ വന്നുകയറിയത്. കൃത്യമായ കണക്കുകൾ ഇല്ല എന്ന പരാതി വന്നു. ഇവരുടെ സാമ്പത്തികമായ ക്രയവിക്രയങ്ങൾ അൻസിബ ചോദ്യം ചെയ്തു. മാത്രമല്ല ആ സമയം മറ്റൊരു തീരുമാനം കൂടി കമ്മിറ്റി എടുക്കാൻ തുനിഞ്ഞു. അതായത് സ്പോൺസർഷിപ്പ് കൊണ്ടു വരുന്ന കമ്മിറ്റിയംഗങ്ങൾക്ക് മൊത്തം തുകയുടെ ഇരുപതുശതമാനം കമ്മീഷനായി കൊടുക്കണമെന്ന്. അതിനെയും അൻസിബ ശക്തിയായി എതിർത്തു. അങ്ങനെ കമ്മീഷൻ കൊടുക്കുകയാണെങ്കിൽ അത് എല്ലാ അംഗങ്ങൾക്കും ബാധകമായിരിക്കണം എന്നായിരുന്നു അൻസിബയുടെ ഉറച്ച നിലപാട്. അങ്ങനെ ആ പദ്ധതിയും പൊളിഞ്ഞു. അതോടെ അൻസിബ അവരുടെ കണ്ണിലെ കരടായി. അവിടം മുതൽ അൻസിബയെ ടാർഗറ്റ് ചെയ്തു തുടങ്ങി എന്നുപറയാം. അതിനിടയിൽ കുടുംബസംഗമം വന്നു. അവിടെ ഉണ്ടായ ഏതോ പ്രശ്നത്തിന്റെ പേരിൽ നീനാകുറുപ്പും ലക്ഷ്മിപ്രിയയും തമ്മിൽ പ്രശ്നമായി. അതിന്റെ ഓഡിയോ ഒക്കെ എല്ലാവരും കേട്ടതാണല്ലോ. അതോടെ നീനാക്കുറുപ്പും അൻസിബയോടൊപ്പം ചേർന്നു. എന്നുമാത്രമല്ല അൻസിബയുടെ അസാന്നിധ്യത്തിന് അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും വന്ന് അൻസിയോടു പറയാനും തുടങ്ങി. അത് ശരിക്കും എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെയായിരുന്നു എന്നുപറയാം. അൻസിബയെ ജിഹാദി എന്നു വിളിച്ചു എന്നുള്ള പരാതിയൊക്കെ അങ്ങനെയാണു വന്നത്. ഇതു ഞാൻ കേട്ടതല്ല പറഞ്ഞ് അറിഞ്ഞതാണ്. തെളിവൊന്നും എന്റെ പക്കലില്ല. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെയൊരാളെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തമാശക്കാര്യമല്ലല്ലോ! ടിനിടോമിന്റെ മകനെയും ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ മകനെയും മതം മാറ്റാൻ ശ്രമിച്ചു എന്നുവരെ പറഞ്ഞു എന്നാണു കഥ. അൻസിബ ഈ ആരോപണത്തെ അതീവഗൗരവമായെടുത്തു. കാരണം അങ്ങനെ ഒരു ചിന്താഗതി സമൂഹത്തിൽ ഉറച്ചുപോയാൽ താൻ എവിടൊക്കെ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടിവരും എന്നാണ് അൻസിബ ചോദിക്കുന്നത്. പക്ഷേ ആ കഥയിൽ ഒരു ട്വിസ്റ്റ് ഉണ്ടായി. മതം മാറ്റാൻ ശ്രമിച്ചു എന്നുപറയുന്ന പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ ശക്തമായി രംഗത്തുവന്നു. തന്നെ ആരും മതം മാറ്റാൻ ശ്രമിച്ചിട്ടില്ല എന്ന് വ്യക്തമായി പറഞ്ഞു. അതോടെ ആ കഥ അവിടെ തീർന്നു.
? ഇത് ചില വ്യക്തികൾ തമ്മിലുള്ള തർക്കം സങ്കീർണ്ണമായതാണോ-അതോ പൊതുസമൂഹം അറിയാത്ത മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഇതിനുപിന്നിലുണ്ടോ.
ആദ്യമൊക്കെ ഞാൻ ധരിച്ചിരുന്നതും ഇതു ചില വ്യക്തികളുടെ തർക്കവും ഈഗോയും ഒക്കെയാണെന്നാണ്. പിന്നീടാണ് ഇതിനുപിന്നിൽ കൃത്യമായ ഒരു അജണ്ട ഉണ്ടെന്നും അതു നടപ്പിലാക്കാൻ ശ്രമിച്ചതാണെന്നും മനസ്സിലായത്. ഇപ്പോൾ അതു കുറെയൊക്കെ ജനങ്ങൾക്കും മനസ്സിലായിട്ടുണ്ട്.
? ഈ തർക്കങ്ങൾക്കിടയിൽ വന്നുപെട്ടതെങ്ങനെയാണ്.
ആദ്യമൊക്കെ ഞാനും മറ്റുള്ളവരെപ്പോലെ വെറും കാഴ്ചക്കാരി മാത്രമായിരുന്നു. ഇടപെട്ടിരുന്നില്ല. പക്ഷേ ലക്ഷ്മിപ്രിയ-നീനാക്കുറുപ്പ് വിഷയം അപഹാസ്യമാംവിധം പൊതുസമൂഹത്തിൽ ചർച്ചയാകുന്ന അവസ്ഥ വന്നു. ഞാൻ ആ സമയത്ത് 'അമ്മ' നേതൃത്വത്തിന് ഒരു കത്തയച്ചു. ഈ തർക്കവും മോശമായ ഭാഷയും പരാമർശങ്ങളുമൊക്കെ മറ്റുള്ളവരെക്കൂടി ബാധിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു എന്നും നിങ്ങൾ ഇടപെട്ട് ഈ പരസ്യപ്പോര് വിലക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ആ കത്തിനു മറുപടിയും വന്നില്ല. അത് അവരുടെ ഒരു പൊതുരീതിയാണ്. ആരു കത്തയച്ചാലും മറുപടി അയക്കില്ല.
? ബാലിശമായ തർക്കങ്ങൾ-അഥവാ പരദൂഷണസ്വഭാവമുള്ള പരസ്പരാരോപണങ്ങൾ അതിനപ്പുറം വലിയ പ്രസക്തി ഈ വിഷയത്തിനുണ്ടോ.
ഇല്ല എന്നുതന്നെയാണ് ഞാനും ആദ്യമൊക്കെ വിചാരിച്ചിരുന്നത്. പക്ഷേ അങ്ങനെയല്ല എന്നും വളരെ വ്യക്തമായ ഒരു രാഷ്ട്രീയം ഇതിനു പിന്നിലുണ്ടെന്ന് എന്നും ഞാൻ മനസ്സിലാക്കിയത് കുറച്ചുവൈകിയാണ്. ഇതു ഞാൻ വെറുതെ പറയുന്നതല്ല. സാഹചര്യത്തെളിവുകൾ അതിലേക്കാണ് വിരൽചൂണ്ടുന്നത്.
ഞാൻ ഒരു സംഭവം പറയാം. ഈ വിഷയങ്ങൾ സങ്കീർണ്ണമായി നിൽക്കുന്ന സമയത്ത് ഞാൻ പദ്മജ മേനോൻ എന്നൊരു ബിജെപി നേതാവിന്റെ ഇന്റർവ്യൂ കാണാനിടയായി. എല്ലാവരും ശ്വേതയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത് ശ്വേത ചെയ്യാനിരുന്ന വലിയ വലിയ കാര്യങ്ങൾ നടത്താതിരിക്കാനാണത്രെ. ശ്വേതയുടെ വിശ്വാസ്യതയിൽ അദാനി ഗ്രൂപ്പ് പതിനഞ്ചുകോടി രൂപ നൽകുമായിരുന്നുവത്രെ. അമ്മ എന്ന സംഘടനയ്ക്ക് കൃത്യമായ ബൈലോയും പ്രവർത്തനരീതിയുമൊക്കെയുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തുകയൊന്നും വാങ്ങാൻ പറ്റില്ല. അതിന്റെ ആവശ്യവും ഇല്ല. മമ്മൂക്കയും ലാൽസാറുമൊക്കെ വന്നുനിന്നാൽ പോലും ഇത്രയും തുകയൊക്കെ സ്പോൺസർ ചെയ്യാൻ ആളുണ്ടാകും. പ്രശ്നം അതല്ല, ബിജെപി എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവിന്റെ അനാവശ്യമായ ഇടപെടൽ തന്നെയാണ്. അതൊരു വെറും അഭിപ്രായ പ്രകടനമായി ഞാൻ കാണുന്നില്ല. പ്രത്യേകിച്ചും ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ. അനാവശ്യമായ മതവിവാദങ്ങൾ ഉണ്ടാക്കുന്നതുതന്നെ ആശങ്കാജനകമാണ്. അതും മതചിഹ്നങ്ങൾ ഒന്നും ഉപയോഗിക്കാത്ത അൻസിബയെക്കുറിച്ച് ലക്ഷ്മിപ്രിയ നടത്തിയ പത്രസമ്മേളനം കേരളം മുഴുവൻ കേട്ടതല്ലേ? അൻസിബയുടെ പിന്നിൽ മതതീവ്രവാദികൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു എന്ന്. ലക്ഷ്മിപ്രിയ വെറുതെ ഒരാളല്ല എന്നോർക്കണം. ജനങ്ങളുടെ പ്രതിനിധിയാകാൻ നോമിനേഷൻ കൊടുത്ത ആളാണ്. അങ്ങനെയുള്ള ഒരാൾ നടത്തുന്ന പ്രസ്താവനയെ അതിന്റേതായ ഗൗരവത്തിൽ തന്നെ എടുക്കണ്ടേ? ഇങ്ങനെയുള്ള പല കാരണങ്ങൾ കൊണ്ടാണ് തികച്ചും ആശങ്കാജനകമായ ഒരു സാഹചര്യമാണ് അമ്മ എന്ന സംഘടനയ്ക്കുള്ളിൽ ഉള്ളത് എന്ന് ഞങ്ങൾക്കു തോന്നിയത്.
വിവിധ മതത്തിൽപ്പെട്ടവരും വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരും സംഘടനയ്ക്കുള്ളിലുണ്ട്. പക്ഷേ സംഘടനയ്ക്കുള്ളിൽ അതൊന്നുമില്ല. തികച്ചും ഏകോദര സഹോദരങ്ങളെപ്പോലെയാണ് എല്ലാവരും കഴിഞ്ഞിരുന്നതും. ഈ സ്വച്ഛതയിലേക്കാണ് ദുരാരോപണത്തിന്റെ കൂരമ്പുകൾ ആഞ്ഞുതറച്ചിരിക്കുന്നത്. മാനവികതയിൽ മാത്രം ഉറച്ചുവിശ്വസിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് എങ്ങനെ സഹിക്കാൻ കഴിയും?
? കണക്കുകൾ സംബന്ധിച്ചും ഏറെ തർക്കങ്ങൾ ഉണ്ടായല്ലോ. കൃത്യമായി കണക്കെഴുത്തും ഓഡിറ്റിംഗും ഒക്കെ ഈ സംഘടനയിൽ ഇല്ലേ.
മുൻകാലങ്ങളിൽ വളരെ കൃത്യമായിത്തന്നെയാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. ഒരു പ്രോഗ്രാം കഴിഞ്ഞാൽ അടുത്ത ജനറൽ ബോഡിക്കുമുമ്പ് കണക്കുകൾ കൃത്യമാക്കുകയും അത് അംഗങ്ങൾക്ക് അയച്ചുകൊടുക്കുകയും പതിവായിരുന്നു. ഇപ്പോൾ അതും ഇല്ല. ചാർട്ടേഡ് അക്കൗണ്ടന്റ് തന്നെ പറയുന്നു അദ്ദേഹത്തിന് കണക്ക് മനസ്സിലായിട്ടില്ല എന്ന്. ഇതിൽ നിന്നൊക്കെ നാം എന്താണ് മനസ്സിലാക്കേണ്ടത്? അവർ കണക്കുകാണിക്കാൻ നാൽപ്പത്തഞ്ചുദിവസം ആവശ്യപ്പെട്ടു. പിന്നീട് എന്താണ് നടന്നത്. ഈ നാൽപ്പത്തഞ്ചുദിവസങ്ങൾക്കകം തന്നെ അവർ ഇത് കോടതിയിൽ എത്തിച്ചു.
രമേഷ് പിഷാരടിയുടെ വോയ്സ് നോട്ട് പുറത്തുവിടുകയും ചെയ്തു.
? രണ്ടുസുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണം ഒരാൾ പുറത്തുവിടുന്നത് അമാന്യമായ പെരുമാറ്റമല്ലേ? ഒരാളെ വിശ്വസിച്ചു പറയുന്ന കാര്യങ്ങൾ പുറത്തുവിടുന്നത് ശരിയാണോ?
രമേഷ് പിഷാരടിയെ രാഷ്ട്രീയമായി അറ്റാക്ക് ചെയ്തതാണെന്നാണ് എനിക്കു തോന്നുന്നത്. അതായത് രാഷ്ട്രീയപകപോക്കൽ. ശരിക്കും നമ്മുടെ സംഘടന പിഷാരടിയെ ചേർത്തുനിർത്തേണ്ടതല്ലേ? അയാളുടെ രാഷ്ട്രീയം എന്തുമാകട്ടെ. ഈ സംഘടനയിലെ സജീവ അംഗം എന്ന നിലയിൽ സ്വന്തം ആളായി കാണേണ്ടതല്ലേ? മത്സരിച്ചു ജയിച്ചുവന്നപ്പോൾ ആദ്യത്തെ അടി കൊടുത്തത് അമ്മയുടെ പ്രസിഡന്റാണെന്നുപറയുമ്പോൾ...? ഇതൊന്നും നമുക്കു യോജിക്കാൻ പറ്റാത്ത കാര്യങ്ങളാണ്.
? ചുരുക്കത്തിൽ നിലവിൽ സംഘടനയുടെ ഓരോ നീക്കങ്ങളും രാഷ്ട്രീയമാണെന്നാണ് പറയുന്നത് അല്ലേ? അല്ലാതെ യാദൃച്ഛികമായുണ്ടായ തർക്കത്തിന്റെ ഭാഗമല്ല.
തീർച്ചയായും അല്ല. ഇതൊരു ആസൂത്രിതനീക്കമായേ കാണാൻ കഴിയൂ. ഉത്തരേന്ത്യൻ സിനിമയുടെ ഇന്നത്തെ അവസ്ഥ എന്താണ്? ഉള്ളടക്കത്തിലേക്കാണ് അവർ കടക്കുന്നത്. ഇവിടെ കേരളാസ്റ്റോറി എന്നൊരു സിനിമ ചെയ്യുമ്പോൾ ബീഫ് ഒരു സവർണ്ണ ഹിന്ദുവിനെക്കൊണ്ട് തീറ്റിക്കുന്നു എന്നൊരു കഥ അവർ ഉണ്ടാക്കുന്നത് അത് കേരളത്തിൽ ഓടാൻ വേണ്ടിയല്ലേ. നോർത്ത് ഇന്ത്യാക്കാരെ പറഞ്ഞുപഠിപ്പിക്കാനാണ്. ഇവിടെ ഇങ്ങനെയൊക്കെയാണ് എന്ന്.
? മലയാള സിനിമ ആകെത്തന്നെയും ഭാവിയിൽ ആ ദിശയിലേക്കു സഞ്ചരിക്കും എന്ന ആശങ്കയാണോ ഈ ശക്തമായ ഇടപെടലിനുകാരണം.
തീർച്ചയായും ഇടപെടൽ മാത്രമല്ല പ്രതിരോധമാണ് ആവശ്യം. എനിക്കു കുറെ ദിവസമായി വന്നുകൊണ്ടിരിക്കുന്ന ഒരാളുടെ മെസേജുണ്ട്. അത് ആ വ്യക്തിയുടെ മാത്രം അഭിപ്രായമായിരിക്കണമെന്നില്ല. പാലക്കാട്ടുള്ള ഒരു രാഷ്ട്രീയ നേതാവാണ്. വനിതയാണ്. സംഘടനാ വിഷയത്തിൽ ശ്വേതാമേനോന്റെ ഒപ്പം നിൽക്കണമെന്നാണ് ആ ബിജെപി നേതാവിന്റെ ആവശ്യം. ഞാൻ പ്രതികരിച്ചില്ലെങ്കിൽ പോലും അവർ വീണ്ടും വീണ്ടും ആവശ്യപ്പെടുകയാണ്. എന്താണ് ഇതിന്റെയൊക്കെ അർത്ഥം? ഞാൻ സൂചിപ്പിച്ചല്ലോ ബോളിവുഡ് സിനിമകളുടെ കാര്യം. അവിടെ അതു ചെയ്യാമെങ്കിൽ ഭാവിയിൽ ഇന്ത്യയിൽ എവിടെയും ചെയ്യാം. അതു മുന്നിൽ കാണണം. കേരളം മതനിരപേക്ഷമാണെന്നാണ് പൊതുവെ പറയാറുള്ളതും നമ്മൾ അഭിമാനിക്കാറുള്ളതും. എന്നാൽ ഇന്ന് അതിനൊക്കെ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. ഫെയ്സ്ബുക്കിലൊക്കെ വരുന്ന ചില കമന്റുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? മതനിരപേക്ഷത പറയുന്ന ഹിന്ദുക്കളാണ് ഹിന്ദുക്കളുടെ ശാപം എന്നൊക്കെ, അങ്ങനെ പറയുന്നതിനെ നിസ്സാരമായിട്ടുകണ്ടുകൂടാ.
? താരസംഘടനയിലെ പ്രശ്നം വ്യക്തികൾ തമ്മിലുള്ള കേവല സ്പർദ്ധ അല്ലെന്നും വിഷയം രാഷ്ട്രീയമാണെന്നും നിങ്ങളൊക്കെ വ്യക്തമാക്കിയിട്ടും എന്തുകൊണ്ടാണ് കേരളസമൂഹം നിശ്ശബ്ദമായിരിക്കുന്നത്? പ്രത്യേകിച്ചും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ.
അപകടകരമായ മൗനമാണ് കേരളം പുലർത്തുന്നത്. എന്തുകൊണ്ടാണ് അവർ കാര്യങ്ങൾ ഉൾക്കൊള്ളാത്തത് എന്നും എനിക്കറിയില്ല. ഇതൊക്കെ മനസ്സിലാക്കാൻ അധികം ചിന്തിച്ച് തലപുണ്ണാക്കേണ്ട. ഉത്തരേന്ത്യൻ സിനിമയുടെ മാറ്റം നിരീക്ഷിച്ചാൽ മതി. ആ മാറ്റം അവിടെ മാത്രം ഒതുങ്ങി നിൽക്കില്ല. വേണ്ടത്ര ശക്തിയോടെ പ്രതിരോധിക്കണം. അല്ലെങ്കിൽ നമ്മുടെ നാട്ടിലേക്കും ഇതു കടന്നുകയറും.
? കക്ഷി-രാഷ്ട്രീയ-മതബന്ധമില്ലാത്ത സംഘടനയാണല്ലോ എഎംഎംഎ. ഇനി ഇതിന് ഒരു രാഷ്ട്രീയ ചായ്വ് ആകാം എന്നു ബന്ധപ്പെട്ടവർ തീരുമാനിച്ചാലോ? ഭൂരിപക്ഷം അംഗങ്ങളും അങ്ങനെയൊരു തീരുമാനമെടുത്താൽ അതിനെ മറികടക്കാൻ കഴിയില്ലല്ലൊ.
ഇല്ല. പക്ഷേ അങ്ങനെ ഒരു തീരുമാനം എടുത്താൽ അതു മതനിരപേക്ഷ നിലപാടുള്ള രാഷ്ട്രീയ പ്രസ്ഥാനമല്ലെങ്കിൽ ഞാൻ ആ നിമിഷം രാജിവയ്ക്കും. അതു ഞാൻ ഇപ്പോൾ തന്നെ തയ്യാറാക്കിവച്ചിട്ടുണ്ട്. സംഘടനയിലെ എല്ലാ അംഗങ്ങളും അഥവാ ഭൂരിപക്ഷ അംഗങ്ങളും അങ്ങനെയൊരു നിലപാട് എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. പക്ഷേ ഏതെങ്കിലും കാരണവശാൽ അങ്ങനെയൊരു അവസ്ഥ വന്നാൽ കൊടുക്കാൻ വേണ്ടിയാണ് രാജിക്കത്തു തയ്യാറാക്കിവച്ചിരിക്കുന്നത്.
? സത്യത്തിൽ ഈ സംഘടനയിലെ പ്രശ്നങ്ങൾ അത്ര സങ്കീർണ്ണമാണോ? പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള പലരും നിശ്ശബ്ദത പാലിക്കുന്നതാണോ യഥാർത്ഥ പ്രശ്നം.
അതെക്കുറിച്ച് എന്താണു പറയുക-പരിഹരിക്കാൻ കഴിവുള്ളവർ തീർച്ചയായും ഉണ്ടാകുമല്ലോ. അതേക്കുറിച്ച് ഒന്നും പറയുന്നില്ല. എങ്കിലും ഒരുകാര്യം പറയാം. ഈ സംഘടനയിൽ ഒരു 'കോക്രോച്ച്' മാത്രമേയുള്ളൂ. അത് അൻസിബയാണ്. ഈ സിസ്റ്റത്തെ ഉണർത്താൻ ഒരു അൻസിബ എങ്കിലും ഉണ്ടായി. അത് കാലത്തിന്റെ അനിവാര്യത എന്നു പറയാം.










