
ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘത്തിൽ നടി ലക്ഷ്മി മേനോനും. ഇതുസംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചു. നടുറോഡിൽ കാർ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് നടിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സംഭവത്തിൽ മൂന്നുപേരെ റണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മിഥുൻ, അനീഷ്, സോനമോൾ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ നടി ലക്ഷ്മി മേനോൻ ഒളിവിൽ പോയി എന്നാണ് പൊലീസ് പറയുന്നത്.
ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു സംഭവം. ബാറിൽവെച്ച് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ യുവാവിനെ മർദ്ദിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. അതേസമയം, അറസ്റ്റിലായ സോനമോളുടെ പരാതിയിൽ എതിർസംഘത്തിൽപ്പെട്ട ഒരാൾക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
മലയാളം, തമിഴ് സിനിമകളിൽ സജീവമായ നടിയാണ് ലക്ഷ്മി മേനോൻ. കുംകി, ജിഗർതണ്ട, അവതാരം, വേതാളം, ചന്ദ്രമുഖി 2 തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മി മേനോൻ അഭിനയിച്ചിട്ടുണ്ട്.











