
ബെംഗളുരുവിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ കന്നട നടി ദിവ്യ സുരേഷിനെതിരെ കേസെടുത്തു. ഈ മാസം പുലർച്ചെ നാലുമണിക്ക് ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തുണ്ടായ അപകടത്തിലാണ് താരത്തിനെതിരെ പൊലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും വാഹനം താരത്തിന്റേതാണെന്ന് വ്യക്തമായിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് നടിയായിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. അപകടത്തിൽ മൂന്നു പേർക്കും പരുക്കേറ്റു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കാർ പിടിച്ചെടുത്തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി പറഞ്ഞു.











