
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപ് തന്നെ ചതിച്ചെന്ന് മുഖ്യപ്രതി പൾസർ സുനി. റിപ്പോർട്ടർ ടിവി സ്റ്റിംഗ് ഓപ്പറേഷനിലൂടെ ചിത്രീകരിച്ച വീഡിയോയിലാണ് പൾസർ സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. ജയിലിൽവെച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നെന്നും ദീലിപിനുള്ള കത്ത് പുറത്തുവന്നതോടെയാണ് ആ ശ്രമം അവസാനിപ്പിച്ചതെന്നും പൾസർ സുനി വെളിപ്പെടുത്തി.
ഇതുവരെയും താൻ ദിലീപിനെ സംരക്ഷിച്ചെന്നും എന്നാൽ നടൻ തന്നെ ചതിച്ചെന്നുമായിരുന്നു പൾസർ സുനി വെളിപ്പെടുത്തിയത്. ''ഈ നിമിഷം വരെയും ഞാൻ ദിലീപിനെ സംരക്ഷിച്ചു. ഇതുവരെ വിശ്വാസ്യത നിലനിർത്തി. ദിലീപ് ചതിച്ചിട്ടും വിശ്വാസ്യത നിലനിർത്തി. ഇതുവരെ ഒരു കാര്യവും പുറത്ത് പറഞ്ഞിട്ടില്ല''.- പൾസർ സുനി പറഞ്ഞു. താൻ അതെല്ലാം പുറത്ത് പറഞ്ഞാൽ വേറെ ആളുകൾക്ക് ഉത്തരം പറയേണ്ടിവരുമെന്നും പൾസർ സുനി പറയുന്നു.
ഒന്നര കോടി രൂപയ്ക്കാണ് താൻ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തത് എന്നാണ് പൾസർ സുനി പറഞ്ഞത്. ഇനിയും 80 ലക്ഷം രൂപകൂടി തനിക്ക് ദിലീപ് തരാനുണ്ടെന്നും സുനി പറയുന്നു.











