
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ശിക്ഷിച്ച പ്രതി മാർട്ടിൻ ആന്റണി തനിക്കെതിരായ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും, താൻ ഡ്രൈവർ മാത്രമായിരുന്നു എന്നുമാണ് മാർട്ടിൻ ഹർജിയിൽ വ്യക്തമാക്കുന്നത്. സംഭവം നടന്ന സമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അപ്പീലിൽ പറയുന്നു.
കേസിൽ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും, അതേ കാരണത്താൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ട സാഹചര്യത്തിൽ തനിക്കും സമാനമായ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും മാർട്ടിൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ വസ്തുതകൾ വിചാരണക്കോടതി പരിഗണിച്ചില്ലെന്നാണ് അപ്പീലിലെ ആരോപണം.
20 വർഷം കഠിനതടവിന് വിധിക്കപ്പെട്ടതിന് പിന്നാലെ മാർട്ടിൻ നിലവിൽ ജയിലിലാണ്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ മാർട്ടിൻ ഉൾപ്പെടെ ആറ് പ്രതികൾക്കാണ് വിചാരണക്കോടതി 20 വർഷം കഠിനതടവും പിഴയും വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ വടിവാൾ സലീമും പ്രദീപും ഇതിനകം തന്നെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അഞ്ചാം പ്രതിയാണ് വടിവാൾ സലീം, ആറാം പ്രതി പ്രദീപ്. ഗൂഢാലോചന കുറ്റം തെളിയിക്കാനാകാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.











