
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായ പ്രതികളുടെ ശിക്ഷ നിശ്ചയിക്കുന്നതിനായുള്ള വാദം കോടതിയിൽ പൂർത്തിയായി.ഇന്നു വൈകിട്ട് മൂന്നരയ്ക്ക് ശിക്ഷാവിധിയുണ്ടാകും എന്ന് കോടതി വ്യക്തമാക്കി.ഒന്നുമുതൽ ആറുവരെയുള്ള പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരാണ് കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
ഇന്ന് രാവിലെ 11.30-ഓടെയാണ് എറണാകുളം സെഷൻസ് കോടതി നടപടികൾ ആരംഭിച്ചത്. ആറു പേരെയും നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. വാദത്തിനിടെ ചില പ്രതികൾ വികാരാധീനരായി കരഞ്ഞും കരുണ അഭ്യർത്ഥിച്ചും ജഡ്ജിയോട് അപേക്ഷിക്കുകയും ചെയ്തു.
കോടതി നടപടികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കരുതെന്ന കാര്യത്തിൽ ജഡ്ജി ഹണി എം. വർഗീസ് കടുത്ത മുന്നറിയിപ്പും നൽകി. അഭിഭാഷകരോ മാധ്യമപ്രവർത്തകരോ കോടതി ക്രമത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും ജഡ്ജി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യജീവിതത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയാമെങ്കിലും കോടതി നടപടികളെ മോശമായി ചിത്രീകരിക്കുന്നതിനെ ഒരു വിധത്തിലും സഹിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂട്ടബലാത്സംഗം ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങൾ തെളിഞ്ഞ ഈ കേസിൽ ശിക്ഷയുടെ കാഠിന്യം സംബന്ധിച്ച വാദങ്ങളാണ് നടന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടായിരുന്നു പ്രതിഭാഗത്തിന്റെ വാദം.











