09:35am 27 April 2026
NEWS
വിവാഹ വാ​ഗ്ദാനം നൽകി കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ നടിക്കെതിരെ കേസെടുത്തു
27/04/2026  06:29 AM IST
nila
വിവാഹ വാ​ഗ്ദാനം നൽകി കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ നടിക്കെതിരെ കേസെടുത്തു

ഹൈദരാബാദ്: വിവാഹ വാ​ഗ്ദാനം നൽകി കോടികൾ തട്ടിയെടുത്തെന്നും ഹണിട്രാപ്പിൽ കുടുക്കിയെന്നുമുള്ള പരാതിയിൽ തെലുങ്ക് സിനിമ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വെങ്കിട്ട അശ്വിനി റെഡ്ഡി (അഷു റെഡ്ഡി)ക്കെതിരെ പൊലീസ് കേസെടുത്തു. ലണ്ടനിൽ ജോലി ചെയ്യുന്ന മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറായ ധർമ്മേന്ദ്രയുടെ കയ്യിൽ നിന്നും 9.35 കോടി രൂപ വരെ നടി തട്ടിയെടുത്തു എന്നാണ് പരാതി. സംഭവത്തിൽ ഹാദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷൻ പൊലീസ് കേസെടുത്തു. ധർമ്മേന്ദ്രയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

2018ൽ ആരംഭിച്ച പരിചയം പിന്നീട് പ്രണയത്തിലേക്ക് വളർന്നു. വിവാഹ വാഗ്ദാനങ്ങൾ നൽകിയതോടൊപ്പം വ്യക്തിപരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ധർമ്മേന്ദ്രയിൽ നിന്ന് പണം വാങ്ങിയതായാണ് ആരോപണം. അമേരിക്കയിൽ പഠനം പൂർത്തിയാക്കിയതും സിനിമയിൽ കരിയർ തുടങ്ങാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞ് വിശ്വാസം നേടിയ ശേഷമാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടതെന്നും പരാതിയിൽ പറയുന്നു.

ആദ്യത്തിൽ ചെറിയ തുകകളായി തുടങ്ങിയ ഇടപാടുകൾ പിന്നീട് കോടികളിലേക്ക് ഉയർന്നു. ആഡംബര കാറുകൾ, സ്വർണം, വസ്തു വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ധർമ്മേന്ദ്രയിൽ നിന്ന് വലിയ തുകകൾ കൈപ്പറ്റിയതായും ആരോപണമുണ്ട്. കൂടാതെ, ഹൈദരാബാദിലെ മാണികൊണ്ട പ്രദേശത്ത് വാങ്ങിയ ഫ്ലാറ്റ് പിന്നീട് നടി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ നടിയുടെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നാണ് എഫ്‌ഐആർ പറയുന്നത്. പിതാവ്, മാതാവ്, സഹോദരി എന്നിവർ ധർമ്മേന്ദ്രയെ മാനസികമായി സ്വാധീനിച്ച് സാമ്പത്തിക ഇടപാടുകൾ തുടരാൻ പ്രേരിപ്പിച്ചെന്നാണ് ആരോപണം. ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇവർ ഇടപെട്ട് സമാധാനിപ്പിക്കുകയും പണം നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തതായും പറയുന്നു.

പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ലൈംഗിക പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. ഇടപെടലുകൾക്കൊടുവിൽ ചില തുക തിരികെ നൽകാമെന്ന ധാരണയുണ്ടായിരുന്നെങ്കിലും അത് നടപ്പിലായില്ലെന്നാണ് വിവരം. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img