
ഭാര്യയുമായി വേർപിരിഞ്ഞതിന് പിന്നാലെ താൻ കടുത്ത മാനസിക തകർച്ചയിലൂടെ കടന്നുപോയിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടൻ വിനായകൻ. തമ്മിൽ വലിയ വഴക്കുകളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിനായകൻ തന്റെ കുടുംബജീവിതത്തിലെ താളപ്പിഴകളെ കുറിച്ച് തുറന്നുപറഞ്ഞത്.
തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ തുറന്നുപറയാൻ കഴിഞ്ഞിരുന്ന ഏക വ്യക്തി മുൻഭാര്യയായിരുന്നുവെന്നും വിനായകൻ പറഞ്ഞു. അവരുടെ അകൽച്ച ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടങ്ങളിലൊന്നിലേക്കാണ് തന്നെ എത്തിച്ചതെന്നും താരം വെളിപ്പെടുത്തി.
വിവാഹബന്ധം അവസാനിപ്പിക്കുന്നതിൽ തന്റെ ഭാഗത്തുണ്ടായ പിഴവുകൾ അംഗീകരിക്കാനും വിനായകൻ മടിച്ചില്ല. വേർപിരിഞ്ഞ ശേഷവും മുൻഭാര്യ തന്റെ കാര്യങ്ങളിൽ കരുതൽ കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുവർക്കും സമാധാനപരമായ ജീവിതം സാധ്യമാകണമെന്ന ആഗ്രഹമാണ് വേർപിരിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും താരം വ്യക്തമാക്കി.
വിനായകന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഈ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. സ്വന്തം ജീവിതത്തിലെ പ്രയാസകരമായ അനുഭവങ്ങളും പിഴവുകളും മറച്ചുവയ്ക്കാതെയുള്ള താരത്തിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.
വിനായകന്റെ വാക്കുകൾ ഇങ്ങനെ:
‘ഭാര്യ ഉണ്ടായിരുന്നു, ഇപ്പോൾ സെപ്പറേറ്റായി പോയി. കുട്ടികളില്ല. വഴക്കൊന്നുമല്ല, പക്ഷേ ഒരുമിച്ച് നിൽക്കാൻ പറ്റിയില്ല. ഉള്ള് തുറക്കാനുണ്ടായിരുന്നത് മുൻഭാര്യയോടായിരുന്നു. ഇപ്പോൾ അങ്ങനെ ആരുമില്ല. അവിടെയൊക്കെയാണ് ഞാൻ ഭയങ്കര ഡാർക്കായി പോയത്. ഒരാളോടെങ്കിലും നമ്മൾ സംസാരിക്കുമല്ലോ.
ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും. എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഒറ്റയ്ക്കായി, തകർന്നു, പിന്നെ പുറത്തിറങ്ങുന്നില്ല. അത് എന്റെ പ്രശ്നമായിരിക്കും, അവളുടേതാവില്ല. അവൾ ഇപ്പോഴും എന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ട്. എന്റെ യുട്യൂബ് വരെ റീചാർജ് ചെയ്യുന്നത് പുള്ളിക്കാരിയാണ്. വേർപിരിയുന്നതാണ് നല്ലതെന്ന് തോന്നി, ഇല്ലെങ്കിൽ പുള്ളിക്കാരിക്ക് പ്രശ്നമുണ്ടാവും. സമാധാനം കൊടുക്കുന്നില്ല ഞാൻ. അവർ അവരുടെ കാര്യം നോക്കി ജീവിക്കട്ടെ. ഇതാണ് നല്ലത്, പുള്ളിക്കാരിക്കും എനിക്കും.’










