
മറാത്തി നടൻ തുഷാർ ഘടിഗാവൻകർ വാടക ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ. മുംബയിലെ ഗോരേഗാവ് വെസ്റ്റിലുള്ള ഫ്ലാറ്റിലാണ് മുപ്പത്തിനാലുകാരനായ താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റാം മന്ദിർ റോഡിലെ വസതിയിൽ താരം അബോധാവസ്ഥയിൽ കിടക്കുന്നെന്ന് കൺട്രോൾ റൂമിൽ ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് തുഷാറിന്റെ മൃതദേഹം കണ്ടെത്തിയത്.
സിനിമയിലും സീരിയലിലും അവസരങ്ങൾ കുറഞ്ഞതുമൂലം തുഷാർ കടുത്ത സമ്മർദ്ദത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു വർഷമായി നടൻ മദ്യത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് തുഷാർ ജീവനൊടുക്കിയതെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി. നടന്റെ കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.











