
ലഹരി മരുന്ന് കേസിൽ തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റിൽ. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകാന്തിന്റെ രക്തത്തിൽ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസിന്റെ നടപടി. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മുൻ എഐഎഡിഎംകെ നേതാവ് പ്രസാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നൽകിയത്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോർട്ടുണ്ട്.
തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധേയമായ സിനിമകളിൽ അഭിനനയിച്ചിട്ടുണ്ട് ശ്രീകാന്ത്. റോജാക്കൂട്ടം എന്ന സിനിമയിൽ നായകനായാണ് താരം വെള്ളിത്തിരയിൽ അരങ്ങേറിയത്. ചിത്രം വലിയ ഹിറ്റായിരുന്നു. തുടർന്ന് ഏപ്രിൽ മാദത്തിൽ, പാർഥിപൻ കനവ് തുടങ്ങിയ വിജയ ചിത്രങ്ങളിലും നായകനായി.











