11:27pm 12 November 2026
NEWS
ശബരിമല സ്വർണക്കള്ളക്കേസിൽ നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും
10/02/2026  07:59 AM IST
nila
ശബരിമല സ്വർണക്കള്ളക്കേസിൽ നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി ചോദ്യംചെയ്യലിന് വിധേയനാകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് ഉണ്ടായിരുന്നുവെന്ന ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളാണ് ഇഡിയുടെ അന്വേഷണ പരിധി.

ശബരിമലയിൽ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വസതിയിലെത്തിച്ചതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ സംഭവത്തിന്റെ മറവിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടീസ് അയച്ചതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മുൻപ് പ്രത്യേക അന്വേഷണസംഘം ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

എസ്‌ഐടി നടത്തിയ അന്വേഷണത്തിന് ശേഷം, നടന് കേസുമായി നേരിട്ടൊരു ബന്ധമില്ലെന്ന് കണ്ടെത്തി ക്ലീൻചിറ്റ് നൽകിയിരുന്നു. സ്വർണക്കള്ളവുമായി ജയറാമിന് പങ്കില്ലെന്നും, പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും, ഇനി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ആയിരുന്നു എസ്‌ഐടിയുടെ നിലപാട്. ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് ചില മതാചാരങ്ങളിലും ചടങ്ങുകളിലും പങ്കെടുപ്പിച്ചതെന്നും അന്വേഷണസംഘം വിലയിരുത്തി. ജയറാമിന്റെ മൊഴിയിൽ തീയതികളിൽ ഉണ്ടായ വ്യത്യാസങ്ങൾ സംശയകരമല്ലെന്നും എസ്‌ഐടി നിഗമനം നടത്തി. കേസിൽ ജയറാം പ്രധാന സാക്ഷികളിൽ ഒരാളായിരിക്കും.

ചെന്നൈയിലെ വസതിയിൽ നടത്തിയ ചോദ്യംചെയ്യലിൽ, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പരിചയത്തെക്കുറിച്ച് ജയറാം വിശദീകരിച്ചിരുന്നു. ശബരിമലയിൽ വച്ചാണ് പോറ്റിയെ ആദ്യമായി പരിചയപ്പെടുന്നതെന്നും, ഒരു മകരവിളക്ക് കാലത്താണ് ഈ ബന്ധം തുടങ്ങുന്നതെന്നും മൊഴിയിൽ പറയുന്നു. ഭക്തനെന്ന നിലയിലാണ് പോറ്റി തനിക്കു പരിചയപ്പെട്ടതെന്നും, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നും ജയറാം വ്യക്തമാക്കി.

2019 ജൂണിൽ സ്മാർട്ട് ക്രിയേഷൻസിൽ കട്ടിളപ്പാളികൾ പൂജ ചെയ്ത ചടങ്ങിലും, പിന്നീട് സെപ്റ്റംബറിൽ പോറ്റിയുടെ ആവശ്യപ്രകാരം ദ്വാരപാലക പാളികൾ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിലും താൻ പങ്കെടുത്തതായി ജയറാം മൊഴി നൽകി. തുടർന്ന് ഈ പാളികൾ കോട്ടയം ഇളമ്പള്ളി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ ഘോഷയാത്രയിലും പങ്കെടുത്തു. പോറ്റിയെ വിശ്വാസിയായ ഒരാളായി മാത്രമാണ് കണ്ടതെന്നും, സാമ്പത്തിക ഇടപാടുകളോ മറ്റു തരത്തിലുള്ള ബന്ധങ്ങളോ ഉണ്ടായിട്ടില്ലെന്നും ജയറാം അന്വേഷണസംഘത്തോട് പറഞ്ഞു.

ഈ മൊഴികളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് എസ്‌ഐടി ക്ലീൻചിറ്റ് നൽകിയത്. എന്നാൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്ന് വീണ്ടും പരിശോധിക്കേണ്ടതിന്റെ ഭാഗമായി ഇഡി ഇപ്പോൾ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img