
ന്യൂഡൽഹി: മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്. ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തരവനായ ഇമ്രാൻ ഖാൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10ന് നടന്ന പ്രതിഷേധത്തിലാണ് പങ്കെടുത്തത്. ഒക്ടോബർ 28നകം രാജ്യം വിടണമെന്നാണ് പൊലീസ് നിർദേശിച്ചിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ പൗരത്വം പൂർണമായി ഇല്ലാത്ത സാഹചര്യത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്തതാണ് നടപടിക്ക് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം. ഇമ്രാൻ ഖാന് യുഎസ് പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുമാണുള്ളത്. ഇന്ത്യൻ പൗരനല്ലാത്ത ഒരാൾ പ്രതിഷേധത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടിയെടുത്തതെന്ന് മുംബൈ പൊലീസ് അറിയിച്ചു.
മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. അദ്ദേഹത്തോടൊപ്പം പങ്കാളിയും നടിയുമായ ലേഖയും ബന്ധു സെയ്ൻ മരീ ഖാനും ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
സംഭവത്തിൽ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച നടപടി സിനിമാ മേഖലയിലും ചർച്ചയായിട്ടുണ്ട്.










