06:19pm 31 July 2026
NEWS
ഹോളിവുഡ് നടൻ ജീൻഹാക്ക്മാനും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ
27/02/2025  04:01 PM IST
nila
ഹോളിവുഡ് നടൻ ജീൻഹാക്ക്മാനും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ

ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടൻ  ജീൻഹാക്ക്മാനും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലെ സാന്റാ ഫെയിലെ വീടിനുള്ളിലാണ് 95കാരനായ ജീൻ ഹാക്ക്മാനെയും 63കാരിയായ ഭാര്യ ബെറ്റ്‌സി അരക്കാവയേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ വളർത്തുനായയെയും ഇവിടെതന്നെ ചത്തുകിടക്കുന്നുണ്ടായിരുന്നു. 

പ്രാദേശികസമയം ബുധനാഴ്ച വൈകീട്ടോടെയാണ് നടന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തിയത്. മരണം എങ്ങനെ, എപ്പോൾ സംഭവിച്ചുവെന്നത് സംബന്ധിച്ച കൂടുതൽവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മരണകാരണവും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മറ്റുദുരൂഹതകളൊന്നും നിലവിൽ സംശയിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. 

രണ്ടുതവണ ഓസ്‌കർ അവാർഡ് നേടിയ നടനാണ് ജീൻ ഹാക്ക്മാൻ. 1930-ൽ കാലിഫോർണിയയിൽ ജനിച്ച അദ്ദേഹം 16-ാം വയസ്സിൽ സൈന്യത്തിൽ ചേർന്നു. നാലരവർഷത്തെ സൈനികജീവിതത്തിന് ശേഷം ന്യൂയോർക്കിൽ താമസിക്കുന്നതിനിടെയാണ് അഭിനയം പഠിക്കാൻ തീരുമാനിച്ചത്. തുടർന്ന് കാലിഫോർണിയയിലെ 'പസദേന പ്ലേഹൗസിൽ' ചേർന്ന് അഭിനയം പഠിച്ചു. 1961-ൽ പുറത്തിറങ്ങിയ 'മാഡ് ഡോഗ് കോൾ' ആണ് ആദ്യചിത്രം. തുടർന്ന് നൂറിലേറെ സിനിമകളിലാണ് താരം വേഷമിട്ടത്.

സിനിമകൾക്ക് പുറമേ ടി.വി. സീരിസുകളിലും നാടകങ്ങളിലും അഭിനയിച്ചു. 1970-80 കാലഘട്ടത്തിൽ സൂപ്പർമാൻ ചിത്രങ്ങളിൽ 'ലെക്‌സ് ലൂതർ' ആയി വേഷമിട്ടു. 1971-ൽ 'ദി ഫ്രഞ്ച് കണക്ഷൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കി. 1992-ൽ മികച്ച സഹനടനുള്ള ഓസ്‌കർ പുരസ്‌കാരവും ജീൻ ഹാക്ക്മാനെ തേടിയെത്തി. ഇതിനുപുറമേ നാല് ഗോൾഡൻ ഗ്ലോബ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് പുരസ്‌കാരം എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ജീൻ ഹാക്ക്മാൻ സ്വന്തമാക്കിയിട്ടുണ്ട്. 2004-ൽ പുറത്തിറങ്ങിയ 'വെൽകം ടൂ മൂസ്‌പോർട്ട്' ആണ് അവസാനമായി അഭിനയിച്ച സിനിമ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img