
ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നടൻ ദേവൻ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. ടിവികെ പ്രതിനിധികൾക്കൊപ്പമുള്ള ദേവന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നടി പ്രിയങ്കയും ദേവനൊപ്പമുണ്ടായിരുന്നു.
ബിജെപിയിൽ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദേവൻ ദിവസങ്ങൾക്കു മുൻപാണ് പാർട്ടിയിൽനിന്ന് രാജി പ്രഖ്യാപിച്ചത്. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു അപ്രതീക്ഷിത രാജിപ്രഖ്യാപനം. ബിജെപിയുടെ പ്രാഥമിക അംഗത്വവും വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കുകയാണെന്ന് ദേവൻ വ്യക്തമാക്കിയിരുന്നു.
ബിജെപിയിൽ പ്രവർത്തിച്ചിട്ടും താൻ ഉദ്ദേശിച്ച രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ലെന്നായിരുന്നു ദേവന്റെ വിശദീകരണം. ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്നതാണ് താൻ ആഗ്രഹിക്കുന്ന രാഷ്ട്രീയമെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന ബിജെപിയിൽ അത് കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
“ബിജെപിക്ക് വേണ്ടി അഗ്രസീവായി പ്രവർത്തിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിൽ എന്റെ സംഭാവനയുണ്ടെന്ന് അദ്ദേഹം സമ്മതിക്കും. എന്നാൽ ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ഇതല്ലെന്ന് മനസിലായി. നാലഞ്ച് മാസം മുൻപേ തന്നെ പാർട്ടി വിടാൻ തീരുമാനിച്ചിരുന്നു,” എന്നായിരുന്നു ദേവന്റെ പ്രതികരണം.
അതേസമയം, ദേവൻ ടിവികെയിൽ ചേർന്നതിനെ വിമർശിക്കുന്നവർ വിമർശിച്ചുകൊള്ളട്ടെയെന്ന് നടി പ്രിയങ്ക പ്രതികരിച്ചു. ദേവന് ബിജെപിയിൽനിന്ന് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് തമിഴ്നാട്ടിൽ വിജയ് ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.
വിജയ്യുടെ പ്രവർത്തനം കണ്ടതോടെയാണ് ദേവനും ടിവികെയിൽ ചേരാൻ തീരുമാനിച്ചതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. “ഓരോ ജനങ്ങളും നല്ലതിന്റെ കൂടെ നിൽക്കാൻ തീരുമാനിക്കും. കേരളത്തിലും കുറച്ച് നല്ലതൊക്കെ വരട്ടെ,” എന്നും അവർ പ്രതികരിച്ചു.











