
തൃശൂർ: തിരഞ്ഞെടുപ്പ് സമയത്ത് തനിക്കുനേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ദേവൻ. വടിവാളുമായി നാല് പേർ തന്നെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചെന്നും കളരി പരിശീലനം ഉണ്ടായിരുന്നതിനാലാണ് അന്ന് രക്ഷപ്പെടാനായതെന്നും ദേവൻ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
തിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി രാത്രി വൈകി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പ്രചാരണത്തിന്റെ ക്ഷീണം കാരണം കൂടെയുണ്ടായിരുന്നവരോട് താൻ ഒറ്റയ്ക്ക് പൊയ്ക്കൊള്ളാമെന്ന് പറഞ്ഞിരുന്നുവെന്നും ദേവൻ പറഞ്ഞു. വടക്കാഞ്ചേരിയിൽവച്ച് പിന്നിൽ രണ്ട് സ്കൂട്ടറുകളിലായി നാല് പേർ പിന്തുടരുന്നത് കാറിന്റെ മിററിലൂടെ ശ്രദ്ധയിൽപ്പെട്ടു. ആദ്യം സംശയം തോന്നിയില്ലെങ്കിലും പിന്നീട് അവർ തന്നെ പിന്തുടരുകയാണെന്ന് മനസ്സിലായതോടെ വാഹനം റോഡരികിൽ നിർത്തി. പിന്നാലെയെത്തിയവരും വാഹനം നിർത്തി ഇറങ്ങിയതോടെയാണ് ആക്രമണശ്രമമാണെന്ന് വ്യക്തമായതെന്ന് ദേവൻ പറയുന്നു.
പിന്നിൽ ഒളിപ്പിച്ചിരുന്ന വാളുകളുമായി അവർ തന്റെ അടുത്തേക്ക് വരുന്നത് മിററിലൂടെ കണ്ടു. കാറിലുണ്ടായിരുന്ന ഒരു വടി കൈയിലെടുത്ത് താനും പുറത്തിറങ്ങി. തന്നെ അത്തരത്തിൽ പ്രതിരോധിക്കാൻ തയ്യാറാകുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ലെന്നും ദേവൻ പറഞ്ഞു. “സ്ക്രീനിൽ ഹീറോ പരിവേഷമുണ്ടെങ്കിലും യഥാർഥ ജീവിതത്തിൽ ശക്തരായ ആളുകൾ നടന്മാരിൽ എത്രപേരുണ്ടെന്ന് സംശയമാണ്. എന്നാൽ ഞാൻ അങ്ങനെയല്ല. കളരി പരിശീലനത്തിലൂടെ ലഭിച്ച ശക്തി എനിക്കുണ്ട്,” ദേവൻ അഭിമുഖത്തിൽ പറഞ്ഞു.
താൻ വടിയുമായി പുറത്തിറങ്ങിയതോടെ ആക്രമിക്കാനെത്തിയവർ വാഹനമെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും ആദ്യം പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും ദേവൻ ആരോപിച്ചു. സംഭവത്തിന് പിന്നിൽ തന്റെ എതിർപക്ഷക്കാരാണെന്ന് പൊലീസിനും അറിയാമായിരുന്നുവെന്നാണ് ദേവന്റെ വാദം. “ഇത് നാളെയും മറ്റന്നാളും വരും. നിങ്ങളെ ഭയപ്പെടുത്തി ഇവിടെനിന്ന് അവസാനിപ്പിച്ച് പോകാനാണ് ശ്രമം” എന്ന് എസ്ഐ തന്നോട് പറഞ്ഞതായും ദേവൻ വെളിപ്പെടുത്തി.










