ബലാത്സംഗക്കേസിൽ നടൻ ആശിഷ് കപൂർ അറസ്റ്റിൽ

നടൻ ആശിഷ് കപൂറിനെ ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികപീഡനത്തിനിരയാക്കി എന്ന പരാതിയിലാണ് അറസ്റ്റ്. ഓഗസ്റ്റ് രണ്ടാം വാരം ഡൽഹിയിലെ ഒരു വീട്ടിൽ നടന്ന പാർട്ടിക്കിടെയാണ് വീട്ടിലെ ശുചിമുറിയിൽ വെച്ച്നടൻ പീഡിപ്പിച്ചത് എന്നാണ് യുവതിയുടെ പരാതി.
ആശിഷ്, അദ്ദേഹത്തിൻ്റെ സുഹൃത്ത്, സുഹൃത്തിൻ്റെ ഭാര്യ, തിരിച്ചറിയാത്ത മറ്റ് രണ്ടുപേർ എന്നിവരുടെ പേരുകളാണ് ആദ്യം എഫ്ഐആറിൽ ഉണ്ടായിരുന്നത്. എന്നാൽ, പിന്നീട് യുവതി മൊഴി മാറ്റുകയും നടൻ മാത്രമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പറയുകയും ചെയ്തു. ഈ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും യുവതി ആരോപിച്ചു. എന്നാൽ അത്തരം ദൃശ്യങ്ങളൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല.
സംഭവത്തിന് ശേഷം, കപൂറിൻ്റെ സുഹൃത്തിൻ്റെ ഭാര്യ ശുചിമുറിക്ക് പുറത്തുവെച്ച് തന്നെ മർദ്ദിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. സംഭവം അറിയിക്കാൻ പിസിആറിൽ വിളിച്ചത് കപൂറിൻ്റെ സുഹൃത്തിൻ്റെ ഭാര്യയാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
സരസ്വതിചന്ദ്ര, ലവ് മാര്യേജ് യാ അറേഞ്ച്ഡ് മാര്യേജ്, ചാന്ദ് ഛുപാ ബാദൽ മേം, ദേഖാ ഏക് ഖ്വാബ്, മോൽക്കി രിഷ്തോം കി അഗ്നിപരീക്ഷ, വോ അപ്നാ സാ, ബന്ദിനി തുടങ്ങിയ നിരവധി ജനപ്രിയ ഷോകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ആശിഷ് കപൂർ. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഒരു സുപരിചിത മുഖംകൂടിയാണ് അദ്ദേഹം.











