07:40am 30 April 2026
NEWS
ധർമ്മസ്ഥല വിവാദം പുതിയ പരാതിയുമായി ആക്റ്റീവിസ്റ്റ് തിമരോടി
13/09/2025  06:44 PM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥല വിവാദം പുതിയ പരാതിയുമായി ആക്റ്റീവിസ്റ്റ് തിമരോടി

ർമ്മസ്ഥലയിലെ വിവാദ വെളിപ്പെടുത്തലിന് പിന്നിലെ പ്രധാന പ്രേരകശക്തിയായി കരുതപ്പെടുന്ന ആക്റ്റീവിസ്റ്റ് മഹേഷ്‌ ഷെട്ടി തിമരോടി എസ് ഐ ടി യ്‌ക്ക് പുതിയൊരു പരാതി സമർപ്പിച്ചു. ധർമ്മസ്ഥലയിലെ സത്രങ്ങളിൽ നടന്ന നാല് അസ്വാഭാവികമരണങ്ങളെകുറിച്ച് അന്വേഷിക്കണമെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖകൾ സഹിതം തിമരോടി ആവശ്യപ്പെട്ടിരിക്കുന്നത്. 2006 ഫെബ്രവരി 28 ന് ഒരു അമ്പത്തഞ്ചുകാരനും ഏപ്രിൽ പതിമൂന്നിന് ഒരു സ്ത്രീയും 2007 ആഗസ്റ്റ് മൂന്നിന് ഒരു മുപ്പത്തഞ്ചുകാരനും 2010 സപ്റ്റംബർ 28ന് മറ്റൊരാളും സത്രത്തിൽ വെച്ച് മരണമടഞ്ഞിരുന്നു. ഈ മരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള സത്രങ്ങളിൽ വെച്ചാണ് ഈ മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. അന്വേഷണമൊന്നും നടത്താതെ  ഗ്രാമ പഞ്ചായത്ത് അധികൃതർ അജ്ഞാത മൃതദേഹങ്ങളായി കണക്കാക്കിയാണ് അവ മറവുചെയ്തതെന്ന് തിമരോടിയുടെ പരാതിയിൽ പറയുന്നു. 'സത്രത്തിൽ താമസിച്ചവർക്ക് വിലാസങ്ങൾ ഉണ്ടായിരിക്കും. അതുപ്രകാരം ബന്ധുക്കളെ അറിയിക്കണമായിരുന്നു. എന്നാൽ അതൊന്നുമുണ്ടായില്ല. അവകാശികളില്ലാത്ത അജ്ഞാതരായി കണക്കാക്കിയാണ് നാല് മൃതദേഹങ്ങളും സംസ്കരിച്ചത്. അതിൽ ദുരൂഹതയുണ്ട്' പരാതിയിൽ തിമരോടി ചൂണ്ടിക്കാട്ടുന്നു. വിശദമായി പഠിച്ച ശേഷമേ പരാതിയിന്മേൽ മേൽനടപടി കൈക്കൊള്ളുകയുള്ളൂ എന്ന് എസ് ഐ ടി വ്യക്തമാക്കി. അതിനിടയിൽ, നേത്രാവതി സ്നാനഘട്ടിന് സമീപം ബംഗൽഗുഡ്ഡയിൽ നിരവധി മൃതദേഹങ്ങൾ കണ്ടതായി വിട്ടൽഗൗഡ അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ അതേപ്പറ്റി പ്രതികരിക്കാൻ എസ് ഐ ടി കൂട്ടാക്കിയില്ല. 2012ൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാമനായ വിട്ടൽഗൗഡ, മാസ്ക് മാൻ ചിന്നയ്യയുടെ വെളിപ്പെടുത്തലിന് പിന്നിലെ മറ്റൊരു ശക്തിയാണ്. ഇയാളുടെ അടുത്ത സഹായിയായ പ്രദീപിനെ രഹസ്യമൊഴി രേഖപ്പെടുത്താനായി എസ് ഐ ടി ബെൽത്തങ്ങടി കോടതിയിൽ എത്തിച്ചിരുന്നു. ചിന്നയ്യയ്‌ക്ക് തലയോട്ടി നൽകിയതുമായി ബന്ധപ്പെട്ട് വിട്ടൽഗൗഡയും ഇയാളും സംശയത്തിന്റെ നിഴലിലാണ്. എസ് ഐ ടി പല തവണ വിട്ടൽഗൗഡയെ ചോദ്യം ചെയ്തിരുന്നു. ശിവമോഗ ജയിലിൽ കഴിയുന്ന മാസ്ക് മാൻ ചിന്നയ്യയുടെ ജാമ്യാപേക്ഷ കോടതി ഈ മാസം പതിനാറിന് പരിഗണിക്കാനായി മാറ്റി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img