09:00pm 07 October 2026
NEWS
തിരുവാങ്കുളം ജംഗ്ഷന്‍ വികസനത്തിന് നടപടി തുടങ്ങി
07/10/2026  07:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തിരുവാങ്കുളം ജംഗ്ഷന്‍ വികസനത്തിന് നടപടി തുടങ്ങി
HIGHLIGHTS

കുരീക്കാട് മേല്‍പാലം സ്ഥലം ഏറ്റെടുക്കല്‍ അന്തിമഘട്ടത്തില്‍: മന്ത്രി അനൂപ് ജേക്കബ്

തിരുവാങ്കുളം ജംഗ്ഷന്‍ വികസനത്തിനു നടപടികള്‍ ആരംഭിച്ചതായും കുരീക്കാട് റയില്‍വേ ഓവര്‍ബ്രിഡ്ജിനായി സ്ഥലംഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.കുരീക്കാട് റയില്‍വേ ഓവര്‍ബ്രിഡ്ജിനായി സ്ഥലം ഏറ്റെടുക്കാന്‍ സ്ഥലവിലനിര്‍ണ്ണയം സംബന്ധിച്ച 17 റിപ്പോര്‍ട്ടുകള്‍ (ഡിവിഎസ്) കളക്ടറേറ്റില്‍ ലഭിച്ചിട്ടുണ്ടെന്നും മൂന്നു ദിവസത്തിനകം ഇവക്ക് അനുമതി നല്‍കുമെന്നും കലക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കാന്‍ ഫണ്ട് ലഭ്യമാക്കും. ഫണ്ട് ലഭിക്കാന്‍ ആര്‍ഡിബിസി ഡെപ്യൂട്ടി കളക്ടര്‍ കിഫ്ബിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ചേംബറില്‍ ഓണ്‍ലൈനായി നടന്ന അവലോകനയോഗത്തില്‍ ജില്ലാകലക്ടര്‍ ജി. പ്രിയങ്ക പദ്ധതികളുടെ പുരോഗതി മന്ത്രിയെ ധരിപ്പിച്ചു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 2026 ജനുവരിയില്‍ അന്ന് എംഎല്‍എയായിരുന്ന അനൂപ് ജേക്കബ് എന്‍എച്ച്എഐയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണു അവലോകനയോഗം ചേര്‍ന്നത്.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ടുകളില്‍ തിരുവാങ്കുളവും കരിങ്ങാച്ചിറയും ബ്ലാക്ക് സ്‌പോട്ടുകളായി നിര്‍ണ്ണയിച്ചിട്ടുള്ളതാണെന്നു നാഷണല്‍ ഹൈവേ അതോറിറ്റിയുടെ (എന്‍എച്ച്എഐ) പ്രോജക്ട് ഡയറക്ടര്‍ മന്ത്രിയെ അറിയിച്ചു. തിരുവാങ്കുളം ജംഗ്ഷനില്‍ 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കാനാണു പദ്ധതി. എന്‍എച്ച് ആക്റ്റ് പ്രകാരമാകും സ്ഥലമേറ്റെടുക്കല്‍.  

സ്ഥലം ഏറ്റെടുക്കാന്‍ എല്ലാസൗകര്യങ്ങളും ലഭ്യമാക്കുമെന്നു സര്‍വേ ഡയറക്ടര്‍ ഡോ. ജെ.ഒ. അരുണ്‍ അറിയിച്ചു. സര്‍വേ അലൈന്‍മെന്റ് ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കും. ആവശ്യമായ സര്‍വേയര്‍മാരെ മറ്റ് ഓഫീസുകളില്‍ നിന്നും നിയോഗിക്കും.
അതിനുശേഷം സര്‍വേ ആരംഭിക്കും. തിരുവാങ്കുളം ജംഗ്ഷനില്‍ മൂവാറ്റുപുഴ ഭാഗത്തേക്കു ബസ്- ബേ വേണമെന്നും മാമല മുതല്‍ ഇരുമ്പനം പാലം വരെ തകര്‍ന്ന കാനകളും കവര്‍ സ്ലാബുകളും നവീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. കരിങ്ങാച്ചിറ മുതല്‍ പുതിയ റോഡ് കവല വരെ റോഡിന് പടിഞ്ഞാറുഭാഗത്ത് സര്‍വീസ് റോഡോ നടപ്പാതയോ നിര്‍മ്മിക്കണം. ഇരുമ്പനം പഴയ ടോള്‍ബൂത്തിന്റെ തെക്കുഭാഗത്ത് ദേശീയപാത വിഭാഗം ടെന്‍ഡര്‍ ചെയ്തിരുന്നതും ഇപ്പോഴത്തെ പ്രവൃത്തിമൂലം റദ്ദാക്കിയതുമായ കാനയുടെ നിര്‍മ്മാണം ഉടന്‍ നടത്താനും മന്ത്രി നിര്‍ദേശിച്ചു.

പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി എന്‍എച്ച്എഐ, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇന്ന് (8/10/2026 വ്യാഴം) 11 മണിക്ക് വയലില്‍പാടം റോഡ് മുതല്‍ തിരുവാങ്കുളം കവല വരെ സംയുക്ത പരിശോധന നടത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img