07:54am 12 November 2026
NEWS
നിയമം ലംഘിച്ച ലിമോസിനുകൾക്കെതിരെ നടപടി: മന്ത്രാലയം പരിശോധന ശക്തമാക്കി
05/06/2026  01:06 PM IST
nila
നിയമം ലംഘിച്ച ലിമോസിനുകൾക്കെതിരെ നടപടി: മന്ത്രാലയം പരിശോധന ശക്തമാക്കി

 

 

​ദോഹ: ഈദുൽ അദ്ഹാ അവധിദിനങ്ങളിൽ പൊതുജനങ്ങൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി ഖത്തർ ഗതാഗത മന്ത്രാലയം (MoT) ലിമോസിൻ വാഹനങ്ങളിൽ വ്യാപക പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചായിരുന്നു പരിശോധന. വിവിധ ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ (ടാക്സി ആപ്പുകൾ) വഴി സർവീസ് നടത്തുന്ന കമ്പനികളുടെ ലിമോസിൻ വാഹനങ്ങളാണ് കനത്ത നിരീക്ഷണത്തിന് വിധേയമാക്കിയത്.
​പെരുന്നാൾ ദിനങ്ങളിൽ പൊതുജനങ്ങളും സന്ദർശകരും വൻതോതിൽ ഒത്തുകൂടിയ രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് ദിവസങ്ങളിലായാണ് പ്രത്യേക കാമ്പയിൻ നടന്നത്. പരിശോധന നടത്തിയ 66 ലിമോസിൻ വാഹനങ്ങളിൽ 3 എണ്ണം മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളും നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തി. നിയമലംഘനം നടത്തിയ ഈ വാഹനങ്ങൾക്കെതിരെ നിലവിലുള്ള നിയമപ്രകാരം ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
​റോഡ് ഗതാഗത മേഖലയിലെ ഫീൽഡ് മോണിറ്ററിംഗ് ശക്തമാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധനകൾ. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരുമെന്നും, രാജ്യത്തെ ഗതാഗത നിയമങ്ങളും വ്യവസ്ഥകളും പൂർണ്ണമായും പാലിക്കാൻ എല്ലാ സർവീസ് കമ്പനികളും ബാധ്യസ്ഥരാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img