
പൊലീസ് കസ്റ്റഡിയിൽ നിന്നും കൈവിലങ്ങോടെ രക്ഷപെട്ട പ്രതിയെ പൊലീസ് പിടികൂടി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ അസം സ്വദേശി പ്രസൻജിത്തിനെയാണ് നാട്ടുകാരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും സഹായത്തോടെ ഫറോക്ക് ഇൻസ്‌പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ട ഇയാളെ ഇന്നു പുലർച്ചെ 2.45-ഓടെയാണ് ഗവ. മാപ്പിള യുപി സ്‌കൂളിനുസമീപത്തുനിന്നും പിടികൂടിയത്.
പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളുമായി ഇയാൾ കഴിഞ്ഞ ദിവസം നാടുവിടുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇരുവരെയും ബെംഗളൂരുവിൽ നിന്ന് കണ്ടെത്തുകയും സ്‌റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രസൻജിത്തിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനിൽ നിർത്തിയ സമയത്താണ് ഇയാൾ സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്
പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനുപുറകിലെ വഴിയിലും ഗോഡൗണിലും രാത്രിവൈകിയും പോലീസ് തിരച്ചിൽ നടത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ എആർ ക്യാമ്പിൽനിന്നെത്തിയ കൂടുതൽ പോലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു. അസമിൽനിന്ന് നാലുമാസം മുൻപ് വെൽഡിങ് ജോലിക്കായിട്ടാണ് പ്രസൻജിത്ത് എത്തിയത്.
സ്റ്റേഷനുപുറകിലെ ചന്തക്കടവ് റോഡിലെ ഗോഡൗൺ, ഒഴിഞ്ഞപറമ്പുകൾ എന്നിവിടങ്ങളിലും തിരച്ചിൽ നടത്തി. വിലങ്ങുള്ളതിനാൽ അധികംദൂരം പോയിട്ടുണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. കെട്ടിടത്തിന്റെ അകത്ത് പിൻവശത്ത് നിന്ന് മുകളിലേക്ക് കയറാൻ വഴിയുണ്ട്. അതുവഴിയാണ് രക്ഷപ്പെട്ടതെന്നാണ് പോലീസ് പറഞ്ഞത്











