
ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജയിലിൽ മർദ്ദനം. ബിഹാർ സ്വദേശി അസഫാക് ആലത്തിനാണ് മർദ്ദനമേറ്റത്. മുപ്പതുകാരനായ അസഫാക് ആലത്തിനെ ഇന്നലെ സഹതടവുകാരൻ ആക്രമിക്കുകയായിരുന്നു. സഹതടവുകാരൻ രഹിലാൽ സ്പൂൺ ഉപയോഗിച്ച് അസഫാക് ആലത്തിന്റെ തലയിൽ അടിക്കുകയായിരുന്നു.
സഹതടവുകാരന്റെ ആക്രമണത്തിൽ പരുക്കേറ്റ ഇയാളെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സെല്ലിലടച്ചു. ഇയാളുടെ തലയിൽ തുന്നലിടേണ്ടിവന്നു. അസഫാക് ആലത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇരുവരെയും ജയിൽ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
2023 ജൂലൈ 28 നാണ് അസഫാക് ആലം ആലുവയിൽ അതിഥിതൊഴിലാളി കുടുംബത്തിലെ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. ഈ കേസിൽ അസഫാക് ആലത്തിനെ മരണംവരെ തൂക്കിലേറ്റാൻ വിചാരണക്കോടതി വിധിച്ചിരുന്നു. മൂന്നു പോക്സോ കുറ്റങ്ങളിൽ 5 ജീവപര്യന്തവും വിധിച്ചു. ഇതനുസരിച്ച് ജീവിതാവസാനംവരെ ജയിലിൽ കഴിയണം.








